കണ്ണനെ കണ്‍നിറയെ കണ്ടു തൊഴുത് ഗവര്‍ണറും പത്‌നിയും..

 കണ്ണനെ കണ്‍നിറയെ കണ്ടു തൊഴുത് ഗവര്‍ണറും പത്‌നിയും..

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ഏഴു മണിയോടെയാണ് ഗവർണർ പത്‌നി അനഘ ആർലേക്കർക്കൊപ്പം ദർശനത്തിനെത്തിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു.

ദേവസ്വം ചെയർമാൻ ഗവർണ്ണറെ പൊന്നാടയണിയിച്ചാണ് വരവേറ്റത്. തുടർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആദ്യം കൊടിമര ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. തുടർന്ന് നാലമ്പലത്തിലെത്തി പ്രാർത്ഥിച്ചു. ഗുരുവായൂരപ്പനെ കൺനിറയെ കണ്ട ഗവർണർ കാണിക്കയുമർപ്പിച്ചു. ശ്രീലകത്തു നിന്ന് പ്രസാദം ഏറ്റുവാങ്ങി. ദർശന ശേഷം ചുറ്റമ്പലത്തിലെത്തി ഗവർണർ പ്രദക്ഷിണം വെച്ചു തൊഴുതു.

കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗവർണർക്കും പത്‌നിക്കും നൽകി. തുടർന്ന് ഏഴരയോടെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി അൽപ നേരം വിശ്രമിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്. ദേവസ്വത്തിന്റെ ഉപഹാരമായി ഭഗവാൻ ശ്രീകൃഷ്ണനും രുക്മിണി ദേവീയുമൊത്തുള്ള ചുമർചിത്രവും നിലവിളക്കും ചെയർമാൻ ഡോ.വി.കെ.വിജയൻ സമ്മാനിച്ചു. വരവേൽപ്പിന് നന്ദി പറഞ്ഞ ഗവർണർ ദേവസ്വം ചെയർമാനെയും മറ്റും രാജ്ഭവനിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടാണ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *