BREAKING NEWS


ബെംഗളൂരു മലയാളി വിദ്യാർഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികൾ

By Nagaram Network
download 93 1

തിരുവനന്തപുരം: ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയായ ആദിത്യൻ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ. അധ്യാപകനായ സന്ദീപ് പാണ്ഡെയുടെ മാനസിക പീഡനവും ശാരീരിക ഉപദ്രവവും കാരണം 18 പേർ പഠനം ഉപേക്ഷിച്ചതായാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.

പരാതികൾ മാനേജ്മെന്റിനെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും, കോളേജിനും അധ്യാപകർക്കും എല്ലാം “ബിസിനസ്” മാത്രമാണെന്നും വിദ്യാർഥികൾ ആരോപിച്ചു. ആദിത്യനെ അവസാനമായി കാണാൻ പോലും അനുവദിച്ചില്ലെന്നും ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ സഹപാഠികൾ വ്യക്തമാക്കി.

ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും ആരോപിച്ചു. മകന്റെ മരണം കുടുംബപ്രശ്നങ്ങളുടെ പേരിൽ വഴിതിരിച്ചുവിടാനാണ് ശ്രമമെന്ന് പിതാവ് പ്രദീപ് ആരോപിച്ചു.

കോളേജിൽ മകനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, ലഹരി ഉപയോഗിക്കാത്ത ആളെ ലഹരി ഉപയോഗിക്കുന്നവനായി ചിത്രീകരിച്ചുവെന്നും പിതാവ് പറഞ്ഞു. ആദിത്യനൊപ്പം താമസിച്ചിരുന്ന രണ്ട് വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും, അവരുടെ പേരുകൾ പറയാൻ നിർബന്ധിച്ചാണ് അധ്യാപകൻ അധിക്ഷേപിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

അതേസമയം, ആദിത്യന് അപകടം സംഭവിച്ചതായി മാത്രമാണ് കോളേജ് അറിയിച്ചതെന്ന് സഹോദരൻ പ്രതികരിച്ചു. മരണത്തിന് ശേഷവും കോളേജിൽ ക്ലാസുകൾ നടന്നതും, സഹപാഠികളുടെ ഫോണുകൾ കോളേജ് അധികൃതർ വാങ്ങിവെച്ചതും ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *