BREAKING NEWS


3 മെഡിക്കൽ കോളേജുകൾക്ക് പുതിയ കാത്ത് ലാബ്; 44.30 കോടി രൂപയുടെ ഭരണാനുമതി

By Nagaram Network
veena george 1

സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍ അനുവദിച്ചു. ആലപ്പുഴ, എറണാകുളം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണ് പുതിയ ലാബുകൾക്ക് 44.30 കോടി രൂപയാണ് ലാബുകള്‍ക്കായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുവദിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിന് 14.31 കോടി രൂപയും എറണാകുളം മെഡിക്കല്‍ കോളേജിന് 14.99 കോടി രൂപയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 15 കോടി രൂപയുമാണ് അനുവദിച്ചത്.നൂതന ഹൃദ്രോഗ ചികിത്സയ്ക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി

ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഒരേയൊരു കാത്ത് ലാബാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലുള്ളത്. രണ്ട് വര്‍ഷം കൊണ്ട് 5,000ലധികം കാര്‍ഡിയാക് പ്രൊസീജിയറുകളാണ് ചെയ്തത്. രോഗികളുടെ ബാഹുല്യം കൊണ്ടാണ് പുതിയ കാത്ത് ലാബ് അനുവദിച്ചത്. എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായാണ് പുതുതായി കാത്ത് ലാബ് അനുവദിച്ചത്. കാത്ത് ലാബ്, 20 കിടക്കകളുള്ള പോസ്റ്റ് കാത്ത് ഐസിയു, ടെമ്പററി പേസ് മേക്കർ, 5 വെന്റിലേറ്റർ, എക്കോ മെഷീൻ അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ, പോർട്ടബിൾ എക്കോ മെഷീൻ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചെയ്യുന്ന ആശുപത്രിയാണ് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. കൂടുതല്‍ രോഗികള്‍ക്ക് സഹായകമാകാനാണ് പുതുതായി ഒരു കാത്ത് ലാബ് കൂടി സ്ഥാപിക്കുന്നത്. അഡ്വാന്‍സ്ഡ് കാത്ത് ലാബ്, എക്കോ മെഷീന്‍, കാര്‍ഡിയാക് 3ഡി മാപ്പിംഗ് സിംസ്റ്റം, 15 ഐസിയു കിടക്കകള്‍, 15 കാര്‍ഡിയാക് മോണിറ്റര്‍, മൂന്ന് വെന്റിലേറ്റര്‍, എമര്‍ജന്‍സി ട്രോമ കോട്ട് മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *