മട്ടാഞ്ചേരിയിലെ ‘മിനി ഇന്ത്യ’: സ്ഥാനാർത്ഥികൾക്ക് പത്ത് ഭാഷകളിൽ വോട്ടഭ്യർത്ഥന!
കൊച്ചി: കേരളത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളുടെ നേർചിത്രമായ മട്ടാഞ്ചേരിയിലെ തിരഞ്ഞെടുപ്പ് പോരാട്ടം ഇത്തവണ ഭാഷാപരമായ ഒരു വെല്ലുവിളിയാണ് സ്ഥാനാർത്ഥികൾക്ക് മുന്നോട്ട് വെക്കുന്നത്. 'മിനി ഇന്ത്യ' എന്ന് വിളിപ്പേരുള്ള മട്ടാഞ്ചേരി, 36-ഓളം വ്യത്യസ്ത മത-ഭാഷാ ന്യൂനപക്ഷങ്ങൾ ഒത്തൊരുമിച്ച് ജീവിക്കുന്ന പ്രദേശമാണ്. ഇവിടത്തെ പുതിയ ചെറളായി അഞ്ചാം ഡിവിഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് മലയാളം കൂടാതെ, വോട്ടർമാരുമായി സംവദിക്കാൻ മറ്റ് നിരവധി ഭാഷകൾ കൂടി അറിഞ്ഞിരിക്കേണ്ട അവസ്ഥയാണ്.
ഈ ഡിവിഷനിലെ വോട്ടർമാരിൽ ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരും കൊങ്കണി സമൂഹക്കാരും ഉൾപ്പെടുന്നു. ഇവർ സംസാരിക്കുന്ന പ്രധാന ഭാഷകളായ കൊങ്കണി, ഗുജറാത്തി, മറാഠി, കന്നഡ, തുളു, തെലുങ്ക്, തമിഴ്, ഉറുദു, പാഴ്സി എന്നിവയുടെ സ്വാധീനം ഇവിടെ പ്രകടമാണ്.
പാരമ്പര്യമായി ഇവിടെ താമസിക്കുന്ന പഴ...









