റോയൽ ഹണി, ഹീറോ, പവർ, കമാൻഡർ; സൗന്ദര്യം മുതൽ ലൈം​ഗിക ശേഷി വരെ ​ഗ്യാരണ്ടിയെന്ന് പറയും; പക്ഷേ അടിമുടി വ്യാജൻ

 റോയൽ ഹണി, ഹീറോ, പവർ, കമാൻഡർ; സൗന്ദര്യം മുതൽ ലൈം​ഗിക ശേഷി വരെ ​ഗ്യാരണ്ടിയെന്ന് പറയും; പക്ഷേ അടിമുടി വ്യാജൻ

അബുദാബി: ഈ വർഷം മാത്രം അബുദാബിയിൽ കണ്ടെത്തിയത് 116 വ്യാജ മരുന്നുകൾ. സൗന്ദര്യ വർധക വസ്തുക്കൾ മുതൽ ശരീര പുഷ്ടിക്കും ലൈം​ഗിക ശേഷി വർധനവിനും വരെയുള്ള മരുന്നുകൾ എന്നവകാശപ്പെട്ടാണ് പല ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിയിരുന്നത്. ബോഡി ബിൽഡിങ്, ലൈംഗിക വർധന, ശരീരഭാരം കുറയ്ക്കൽ, സൗന്ദര്യവൽക്കരണം തുടങ്ങിയവക്കായി വിപണനം നടത്തിയിരുന്ന വ്യാജ മരുന്നുകളാണ് അബുദാബി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

കഴിഞ്ഞ എട്ട് വർഷത്തിനിടെ വ്യാജ മരുന്നുകളുടെ പട്ടികയിൽ 3,004 ഉൽപന്നങ്ങൾ ഉൾപ്പെട്ടിരുന്നു. പുതുക്കിയ പട്ടികയിൽ 2024 ജനുവരി 1 മുതൽ ജൂൺ 1 വരെ 116 ഉൽപ്പന്നങ്ങൾ ചേർത്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സൗന്ദര്യവർധക വിഭാഗത്തിലെ 14 ഉൽപന്നങ്ങൾ, സൗന്ദര്യവർധക വിഭാഗത്തിലെ 14 ഉൽപന്നങ്ങൾ, ശരീരഭാരം കുറയ്ക്കാനുള്ള 10 ഉൽപന്നങ്ങൾ, 40 തരം ലൈം​ഗിക ഉത്തേജകങ്ങൾ, 52 മറ്റ് ഉൽപന്നങ്ങൾ എന്നിവയാണ് പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്.

പൊതുജനങ്ങൾ ഉപയോഗിക്കുമ്പോൾ ഈ ഉൽപന്നങ്ങൾ ആരോഗ്യത്തിന് അപകടകരമാണ്. പ്രാദേശികവും രാജ്യാന്തര തലത്തിലുള്ളതുമായ ആരോഗ്യ സ്ഥാപനങ്ങൾ അവയുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ ഉൽപന്നങ്ങളുടെ പേരുകൾ, അവയുടെ പാക്കേജിങ്ങിന്റെ ചിത്രങ്ങൾ, നിരോധനത്തിന്റെ കാരണം എന്നിവയും മന്ത്രാലയം പ്രസിദ്ധീകരിച്ചു. റോയൽ ഹണി, ഹീറോ, പവർ, കമാൻഡർ തുടങ്ങിയ പേരുകളുള്ള, അജ്ഞാത പദാർഥങ്ങൾ അടങ്ങിയതോ പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്നതോ ആയ ഉൽപന്നങ്ങളിൽ ഭൂരിഭാഗവും എവിടെ നിന്നാണ് എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല.

ഇത്തരം വ്യാജ ഉൽപന്നങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കുക. ഡോക്ടർമാരുടെ നിർദേശമനുസരിച്ചല്ലാതെ ഇവയൊന്നും വാങ്ങി ഉപയോഗിക്കരുത്. കൂടുതൽ അന്വേഷണങ്ങൾക്ക് 800424 എന്ന ഹോട്ട്‌ലൈൻ വഴിയോ PVE@doh.gov.ae എന്ന ഇ–മെയിൽ വഴിയോ ആരോഗ്യ വകുപ്പിലെ ഡ്രഗ് ഇൻഫർമേഷൻ സേവനവുമായി ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *