
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വീണ്ടും വ്യക്തമാക്കി. കെഎസ്ഇബി നടപ്പാക്കുന്നത് ലോഡ് ഷെഡിങ് അല്ല, വൈദ്യുതി നിയന്ത്രണമാത്രമാണെന്നും ഓവർലോഡ് ഉണ്ടാകുന്ന പ്രദേശങ്ങളിൽ മാത്രമാണ് ഇത് ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. മഴ ലഭിക്കുകയും കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതി ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രതിസന്ധി കുറയുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണിവരെ അരമണിക്കൂറിൽ താഴെ സമയം മാത്രമായിരിക്കും നിയന്ത്രണം. വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. സ്ഥിതിഗതികൾ ദിവസേന ഉന്നതതല സംഘം വിലയിരുത്തും.
