
കൊച്ചി:ഗവർണർ രാജേന്ദ്ര അർലേക്കറെ സ്വീകരിക്കാൻ മാർഗനിർദേശവുമായി കാലടി സർവകലാശാല. ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി 21ന് രാവിലെയാണ് ഗവർണർ എത്തുന്നത്.
ജീവനക്കാർ മൊബൈൽ ഫോൺ നിശ്ശബ്ദ നിലയിൽ സൂക്ഷിക്കണമെന്നും അനാവശ്യ ചലനങ്ങൾ ഒഴിവാക്കണമെന്നും പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. ഗവർണർ എത്തുന്നതുമുതൽ മടങ്ങി പോകുന്നത് വരെ ആരും ഹാൾ വിട്ട് പുറത്തുപോകാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണർ വേദിയിലേക്ക് എത്തുമ്പോൾ എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണം. പ്രസംഗം നടക്കുന്ന മുഴുവൻ സമയവും ഹാളിൽ പൂർണമായ ശാന്തത പാലിക്കണം. അനാവശ്യ ആംഗ്യങ്ങൾ, സംസാരങ്ങൾ, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കണമെന്നും നിർദേശം.
അനുമതി നൽകിയ വ്യക്തികൾക്ക് മാത്രമേ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ അനുവാദമുണ്ടാകൂ. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അനധികൃതമായി വേദിയിലേക്കോ ഗവർണറുടെ സമീപത്തേക്കോ പ്രവേശിക്കരുത്.
ഗവർണർ വേദി വിടുമ്പോഴും എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കണമെന്നും സർവകലാശാല അറിയിച്ചു.
