സിനിമാ ചിത്രീകരണത്തിനിടെ കാറപകടം: ‘കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണത’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

എറണാകുളം: സിനിമ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽപ്പെട്ട് സിനിമ നടന്മാർക്ക് പരിക്ക് പറ്റിയിരുന്നു. നടന്മാരായ അർജുൻ അശോകനും സംഗീതും ഉൾപ്പടെയുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി 1.45-ന് ‘ബ്രോമാൻസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ചേസിങ് സീൻ ഷൂട്ട് ചെയ്യാനായി അമിതവേഗത്തിൽ ഓടിച്ച കാർ ചിത്രീകരണത്തിലുൾപ്പെട്ട മറ്റൊരു കാറിലും ഭക്ഷണ ഡെലിവറിക്ക് ഉപയോഗിക്കുന്ന ബൈക്കിലും ഇടിച്ചു മറിയുകയായിരുന്നു.
ഇപ്പോഴിതാ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ കേസെടുത്തിരിക്കുകയാണ് മനുഷ്യവകാശ കമ്മിഷൻ. കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണ്.അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിര്‍ദേശം നല്കി. സംഭവത്തില്‍ കാറിന്റെ അമിത വേഗത്തിന് പൊലീസ് കേസെടുത്തിരുന്നു.
വഴിയില്‍ നിര്‍ത്തിയിരുന്ന രണ്ട് ബൈക്കുകളില്‍ തട്ടിയ ശേഷമാണ് കാര്‍ മറിഞ്ഞത്. ബൈക്ക് യാത്രികര്‍ക്കടക്കം പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡിലെ മറ്റ് യാത്രികരുടെ ജീവന് ഭീഷണി ഉയര്‍ത്തും വിധം വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.