സി​ഗ്നലില്ല, ​ഗതാ​ഗതകുരുക്കും കുറയും; ബെംഗളൂരുവിലെ ആദ്യ ഇരുനില മേൽപ്പാലം ഈ മാസം ​ഗതാ​ഗതത്തിനായി തുറക്കും

 സി​ഗ്നലില്ല, ​ഗതാ​ഗതകുരുക്കും കുറയും; ബെംഗളൂരുവിലെ ആദ്യ ഇരുനില മേൽപ്പാലം ഈ മാസം ​ഗതാ​ഗതത്തിനായി തുറക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യ ഇരുനില മേൽപ്പാലം ഈ മാസം ​ഗതാ​ഗതത്തിനായി തുറക്കും. റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻവരെ 3.3 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലത്തിന്റെ പണികൾ പൂർത്തിയായി. നമ്മ മെട്രോ യെല്ലോ ലൈനിലൂടെ (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര)യാണ് പുതിയ ഇരുനില മേൽപ്പാലവും കടന്നുപോകുന്നത്. താഴത്തെനിലയിലൂടെ വാഹനങ്ങളും മുകളിലത്തെ നിലയിലൂടെ മെട്രോ സർവീസും എന്ന നിലയിലാണ് മേൽപ്പാലത്തിന്റെ നിർമ്മാണം.

നിലവിലുള്ള റോഡിനേക്കാൾ എട്ടുമീറ്റർ ഉയരത്തിലാണ് മേൽപ്പാലത്തിന്റെ ആദ്യത്തെ നില വരുന്നത്. മെട്രോ പാതയുള്ള രണ്ടാത്തെ നില ഉപരിതലത്തിൽനിന്ന് 16 മീറ്റർ ഉയരത്തിലാണ്. ബി.എം.ആർ.സി.എൽ. ആണ് മേൽപ്പാലം നിർമിച്ചത്. മേൽപ്പാലത്തിൽ ഒരുഭാഗത്തേക്കുള്ള ഭാഗം ഈ മാസം 15-ന് ശേഷം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. മെട്രോ പാതയിൽ ഈവർഷം അവസാനത്തോടെ സർവീസ് ആരംഭിക്കും.

ഒട്ടേറെ മലയാളികൾ താമസിക്കുന്ന ബി.ടി.എം. ലേഔട്ട്, എച്ച്.എസ്.ആർ. ലേഔട്ട് തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്ക് ഈ മേൽപ്പാലം വളരെയധികം പ്രയോജനപ്പെടും. റാഗിഗുഡ്ഡമുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ളഭാഗത്ത് സിഗ്നൽ ഉണ്ടാകില്ലെന്നതാണ് മേൽപ്പാലംകൊണ്ടുള്ള പ്രയോജനം. റാഗിഗുഡ്ഡ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് സിഗ്നൽ തടസ്സമില്ലാതെ സിൽക്ക് ബോർഡ് ക്രോസ് ചെയ്ത് എച്ച്.എസ്.ആർ. ലേഔട്ട്, ഹൊസൂർ റോഡ് എന്നിവിടങ്ങളിലേക്ക് പോകാനാകും. ഈ ഭാഗത്ത് തിരക്കേറിയ സമയത്തുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മേൽപ്പാലം ഉപകരിക്കും.

മേൽപ്പാലത്തിൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിൽ അഞ്ച് റാംപുകളും ബി.എം.ആർ.സി.എൽ. നിർമിക്കുന്നുണ്ട്. റാഗിഗുഡ്ഡ, ബി.ടി.എം. ലേഔട്ട് ഭാഗത്തുനിന്ന് കെ.ആർ. പുരം, ഹൊസൂർ റോഡ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റാംപുകളും കെ.ആർ. പുരംഭാഗത്തെ ബി.ടി.എം. ലേഔട്ട്, റാഗിഗുഡ്ഡ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റാംപുകളുമാണ് നിർമിക്കുന്നത്. മൂന്നു റാംപുകളുടെ ജോലികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ബാക്കി 2025 ജൂണിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ജയ്‌പുർ, നാഗ്പുർ, മുംബൈ നഗരങ്ങളിൽ റോഡ് -കം- മെട്രോ മേൽപ്പാലങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *