പാലക്കാട് ജനവാസമേഖലയിലെ കമ്പിവേലിയിൽ പുലി കുടുങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

പാലക്കാട്: കമ്പിവേലിയിൽ പുലി കുടുങ്ങി. പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിലാണ് സംഭവം. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയുടെ മാവിൻതോപ്പിലാണ് പുലി കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെയാണ് പുലി കമ്പിവേലിയിൽ കുടുങ്ങിയ കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ നാട്ടുകാരെല്ലാം ഒത്തുകൂടി വനംവകുപ്പിനെ വിവരമറിയിച്ചു.
ജനവാസമേഖലയിൽ പുലി ഇറങ്ങിയത് നാട്ടുകാരെ ഏറെ പരിഭ്രാന്ത്രിയാഴ്ത്തുന്നുണ്ട്. പ്രദേശത്ത് രാത്രി എത്തിയ പുലി ഒരു പറമ്പിൽ നിന്ന് കമ്പിവേലി മറികടക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനിടെ കുടുങ്ങിയെന്നാണ് കരുതപ്പെടുന്നത്. പുലി ഇപ്പോഴും കമ്പിവേലിയിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്.
പുലിയ ഇവിടെ നിന്ന് നീക്കുന്നതിനുള്ള നീക്കങ്ങൾ നടത്താനൊരുങ്ങുകയാണ് വനംവകുപ്പ്. എങ്ങനെ രക്ഷപ്പെടുത്താൻ കഴിയുമെന്ന കാര്യമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിക്കുന്നത്. കൊല്ലങ്കോടിന് അടുത്ത് നെന്മേനിക്ക് സമീപമാണ് വാഴപ്പുഴ സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് ഇതാദ്യമായല്ല പുലി പ്രത്യക്ഷപ്പെടുന്നത്. രണ്ടു വർഷങ്ങൾക്ക് മുമ്പ് പ്രദേശത്ത് എത്തിയ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു