BREAKING NEWS


നിതിൻരാജ് മരണക്കേസ്: അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

By Nagaram Network
image 2026 07 22T125136.269

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളിൽ നിയമലംഘനം ഉണ്ടായെന്ന കണ്ടെത്തലിനെ തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നത്.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തെയും അന്വേഷണത്തിലെ വീഴ്ചകളെയും കോടതി വിമർശിച്ചിരുന്നു. മൂന്ന് മാസത്തിലേറെ ഒളിവിൽ കഴിഞ്ഞിരുന്ന ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തെങ്കിലും, അറസ്റ്റിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന സുപ്രീം കോടതി നിർദേശം അന്വേഷണ സംഘം പാലിച്ചില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഈ വാദം അംഗീകരിച്ചാണ് സെഷൻസ് കോടതി പ്രതിയെ വിട്ടയച്ചത്.

പ്രതിയെ കോടതി വിട്ടയച്ചതിന് പിന്നാലെ കോടതി വളപ്പിൽ നിന്ന് വീണ്ടും കസ്റ്റഡിയിലെടുത്തതും പിന്നീട് വിട്ടയച്ചതും വിവാദമായിരുന്നു. അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ സമയബന്ധിതമായി അറിയിച്ചില്ലെന്ന ആരോപണവും അന്വേഷണ സംഘത്തിനെതിരെ ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഡിജിപിയോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. അന്വേഷണത്തിലെ വീഴ്ചകൾ വ്യക്തമായതിനെ തുടർന്ന് അന്വേഷണ സംഘവും മാറ്റി.

നിലവിൽ എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി. അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിലാണ് തുടരന്വേഷണം പുരോഗമിക്കുന്നത്.

നിതിൻരാജിന്റെ മരണത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കണമെന്ന ആവശ്യമാണ് രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *