ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് നിയമോപദേശം തേടും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

നിലവിൽ അനധികൃതമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഇതുവരെ ആകെ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു.
അതേസമയം, കൊണാട്ട് പ്ലേസിൽ നടന്ന മറ്റൊരു പ്രതിഷേധത്തിനിടെ ദ്രുത കർമ്മ സേനയെ ആക്രമിച്ചെന്നാരോപിച്ച് കോക്രോച് ജനത പാർട്ടി (സി.ജെ.പി) പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇതിനിടെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന ദില്ലി പൊലീസിന്റെ വാദത്തെ ചോദ്യം ചെയ്യുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. സി.ജെ.പി പ്രതിഷേധത്തിനിടെ ദ്രുത കർമ്മ സേന പെല്ലറ്റ് ഗൺ പ്രയോഗിച്ചെന്ന ആരോപണത്തിന് ബലം നൽകുന്നതാണ് ദില്ലിയിലെ ലേഡി ഹാർഡിങ് ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട്.
പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റ സമരക്കാരന് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കണ്ണിൽ തറച്ച പെല്ലറ്റ് നീക്കം ചെയ്തതായും നെഞ്ചിലും കഴുത്തിലും കൂടുതൽ പെല്ലറ്റുകൾ കണ്ടെത്തിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇവ നീക്കം ചെയ്യുന്നതിനായി കൂടുതൽ ശസ്ത്രക്രിയകൾ നടത്തേണ്ടിവരുമെന്നാണ് വിവരം.
സംഭവത്തിൽ പരിക്കേറ്റ വ്യക്തിയുടെ കാഴ്ചശേഷിക്ക് തകരാർ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതായി ആരോപണം ഉയരുന്ന ആദ്യ സംഭവമാണിതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതിഷേധങ്ങളിൽ സുരക്ഷാസേന സ്വീകരിച്ച നടപടികളെക്കുറിച്ച് വ്യാപക ചർച്ചകൾ തുടരുകയാണ്.
