BREAKING NEWS


നീറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു; 11 ലക്ഷത്തിലധികം വിദ്യാർഥികൾ യോഗ്യത നേടി

By Nagaram Network
download 2026 05 12T210204.184

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ ഫലം ദേശീയ പരീക്ഷാ ഏജൻസി (NTA) പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 11 ലക്ഷത്തിലധികം പേർ യോഗ്യത നേടി. ഇത്തവണ പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്തയും ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽയും 715 മാർക്ക് നേടി രാജ്യത്തെ ടോപ് സ്കോറർമാരായി.

യോഗ്യത നേടിയവരിൽ 58 ശതമാനവും പെൺകുട്ടികളാണെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ 551 നഗരങ്ങളിലെയും വിദേശത്തെ 14 നഗരങ്ങളിലെയും 5,454-ലധികം പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസേനയുടെയും വിവിധ സംസ്ഥാന പൊലീസ് സേനകളുടെയും കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പരീക്ഷാ കേന്ദ്രങ്ങൾക്കും പരിസര പ്രദേശങ്ങൾക്കും ചുറ്റുമായി ഒന്നരലക്ഷത്തിലധികം സിസിടിവി ക്യാമറകളും 51,000-ത്തിലധികം സിഗ്നൽ ജാമറുകളും വിന്യസിച്ചിരുന്നു. പരീക്ഷ ആരംഭിച്ചതോടെ ജാമറുകൾ സജീവമാക്കിയതായും അധികൃതർ അറിയിച്ചു.

പതിനായിരത്തിലധികം ഭിന്നശേഷി വിദ്യാർഥികൾക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ തത്സമയം എൻടിഎയുടെ നിരീക്ഷണ സംഘങ്ങൾ വിലയിരുത്തുകയും ചെയ്തു.

അതേസമയം, പരീക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എൻടിഎ ആസ്ഥാനത്തെ കൺട്രോൾ റൂമിലെത്തി നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചതായും അധികൃതർ അറിയിച്ചു.

മെഡിക്കൽ പ്രവേശനത്തിനായുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്നായ നീറ്റിന്റെ ഫലപ്രഖ്യാപനത്തോടെ പ്രവേശന നടപടികളിലേക്കുള്ള അടുത്തഘട്ടം ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *