BREAKING NEWS


തൃശൂരിൽ മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, വടക്കൻ ജില്ലകളിൽ ജാഗ്രത നിർദേശം

By Nagaram Network
image 2026 06 17T141950.599

തിരുവനന്തപുരം: തൃശൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. വടക്കൻ ഒഡീഷ–പശ്ചിമ ബംഗാൾ തീരങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ സംവിധാനത്തിന് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ജൂലൈ 20 വരെ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ടും വാഹനയാത്രികർക്ക് കാഴ്ച മങ്ങലും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്കിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ടും പ്രാദേശിക വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും, അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ദുരന്തസാധ്യത പ്രദേശങ്ങളിലുള്ളവർ ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *