BREAKING NEWS


കള്ളാടി ദുരന്തം: വിക്രം റാണയ്ക്കായി ഇന്നും തെരച്ചിൽ; മരണസംഖ്യ 7 ആയി

By Nagaram Network

കൽപറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ തൊഴിലാളി വിക്രം റാണയ്ക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്തം നടന്നിട്ട് അഞ്ചാം ദിവസമായിട്ടും അവസാനമായി കാണാതായ ആളെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

ദുരന്തത്തിൽ ഇതുവരെ ഏഴ് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വിവിധ സേനകളുടെയും രക്ഷാപ്രവർത്തക സംഘങ്ങളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും പ്രതികൂല സാഹചര്യങ്ങൾ ദൗത്യത്തെ വെല്ലുവിളിക്കുന്നുണ്ട്.

ഇന്ന് ദുരന്തസ്ഥലത്തെ രണ്ടാം സോൺ കേന്ദ്രീകരിച്ചായിരിക്കും കൂടുതൽ പരിശോധനയും തെരച്ചിലും നടത്തുക. കാണാതായ വിക്രം റാണയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

അതേസമയം, തുരങ്കപാത നിർമാണ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും സാങ്കേതിക വശങ്ങളും വിലയിരുത്തുന്നതിനായി കൊങ്കൺ റെയിൽവേ വിദഗ്ധസംഘം ഇന്ന് പ്രദേശം സന്ദർശിച്ചേക്കും. ദുരന്തത്തിന്റെ കാരണങ്ങളും ഭാവിയിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളും സംബന്ധിച്ച് സംഘം പ്രാഥമിക പരിശോധന നടത്തും.

അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ സമീപ പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ച 49 കുടുംബങ്ങളിലെ 132 പേരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്. പ്രദേശത്തെ അപകടസാധ്യത പൂർണമായും ഒഴിവായെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഇവരെ വീടുകളിലേക്ക് മടക്കാൻ അനുവദിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.

കാണാതായ അവസാനത്തെ തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, കള്ളാടി ദുരന്തത്തിന്റെ യഥാർത്ഥ കാരണങ്ങളും നിർമാണ മേഖലയിലെ സുരക്ഷാ വീഴ്ചകളുമെല്ലാം വിവിധ തലങ്ങളിൽ പരിശോധിച്ചുവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *