BREAKING NEWS


മഴ അലർട്ടിൽ മാറ്റം: വയനാട്, കോഴിക്കോട് റെഡ് അലർട്ട് പിൻവലിച്ചു; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

By Nagaram Network
image 2026 06 17T141950.599
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട്, കോഴിക്കോട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ മഴയുടെ സ്വാധീനം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ വിഭാഗം നിർദേശിച്ചു. നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കണം. ആവശ്യമായ സാഹചര്യങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ദുരന്തസാധ്യത പ്രദേശങ്ങളിലുള്ളവർ തങ്ങളുടെ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും പകൽ സമയത്ത് തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും വേണം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായോ റവന്യൂ അധികൃതരുമായോ ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽക്കൂര സുരക്ഷിതമല്ലാത്ത വീടുകളിലും അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *