BREAKING NEWS


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

By Nagaram Network
image 2026 06 17T141950.599

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. താലൂക്കുകളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ, ഡാമുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ഉയരുന്ന സാഹചര്യം, തുടരുന്ന മഴ എന്നിവ പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

അതേസമയം, മോശം കാലാവസ്ഥ തുടരുന്നതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

ജാഗ്രത പാലിക്കണമെന്ന് നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ദുരന്തസാധ്യതാ മേഖലകളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും വേണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായും റവന്യൂ അധികൃതരുമായും ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും ബലക്ഷയമുള്ള മേൽക്കൂരകളുള്ള വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. മരങ്ങൾ കടപുഴകി വീഴുക, വൈദ്യുതി പോസ്റ്റുകൾ തകരുക തുടങ്ങിയ അപകടസാധ്യതകളും നിലനിൽക്കുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കി ഔദ്യോഗിക മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *