BREAKING NEWS


തമിഴ്നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റ്; സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

By Nagaram Network
image 2026 06 18T130450.662

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് അടുത്ത അനുയായികൾ എന്നിവരാണ് പിടിയിലായത്.

കൃഷ്ണഗിരിയിലെ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രിപ്ലിക്കേൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെന്നൈ പോലീസ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു.

ടിവികെ എംഎൽഎമാരെ പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കാനും സർക്കാരിന്റെ ഭൂരിപക്ഷം തകർക്കാനുമായി 35 കോടി രൂപ വരെ കോഴ വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായുമാണ് പരാതിയിൽ പറയുന്നത്. ആകെ 15 ടിവികെ എംഎൽഎമാരെ ലക്ഷ്യമിട്ടായിരുന്നു നീക്കമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.

ഇതിൽ 12 എംഎൽഎമാരുമായി പ്രതികൾ വിവിധ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കുന്നു. എന്നാൽ കൃഷ്ണഗിരിയിലെ എംഎൽഎ മാത്രമാണ് വിവരം പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ഔദ്യോഗിക പരാതി നൽകുകയും ചെയ്തതെന്ന് അന്വേഷണ സംഘം പറയുന്നു.

നിയമസഭയിൽ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനുള്ള നീക്കവും ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, അട്ടിമറി ശ്രമത്തിന് പിന്നിൽ ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയും സഹോദരൻ അശോക് കുമാറുമാണെന്ന് പോലീസ് വാർത്താക്കുറിപ്പിൽ പരാമർശിച്ചതോടെ സംഭവം തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

ഭരണകക്ഷിയായ ടിവികെയെ ദുർബലപ്പെടുത്താൻ കോടികൾ ചെലവഴിച്ച് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഡി.എം.കെ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ചെന്നൈ പോലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുകളുടെ ഉറവിടം, ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെ നേരിട്ട് ബാധിക്കാവുന്ന കേസായതിനാൽ തുടർനടപടികൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *