BREAKING NEWS


ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യനീക്കവുമായി വിജയ്; പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ

By Nagaram Network
image 2026 06 18T130450.662
ചെന്നൈ: തമിഴ്നാട്ടിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി തമിഴക വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. നിലവിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിച്ച് വിശാല സഖ്യരൂപീകരണത്തിന് തുടക്കമിടാനുള്ള ആലോചനകളാണ് ടിവികെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പിന്തുണ നൽകുന്ന പാർട്ടികളുടെ യോഗം മറ്റന്നാൾ ചേരുമെന്ന് ടിവികെ നേതൃത്വം അറിയിച്ചു. ആദ്യഘട്ട ചർച്ചകളുടെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും നേതാവ് ആധവ് അർജുനയും വിസികെ അധ്യക്ഷൻ തിരുമാവളവനെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. സർക്കാരിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് വിജയ് ആഗ്രഹിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ വ്യക്തമാക്കി. സഖ്യത്തിന് പ്രത്യേക പേരിടുന്നതടക്കമുള്ള കാര്യങ്ങളും പാർട്ടി നേതൃത്വം പരിഗണിക്കുന്നുണ്ട്. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, എംഡിഎംകെ തുടങ്ങിയ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്ന് ടിവികെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ അടിത്തറ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ പുതിയ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങളുടെ സൂചനകളാണ് ഇതിനകം പ്രകടമായിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു വൈക്കോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിൽ നിന്ന് പിന്മാറിയത്. ഏകദേശം ഒമ്പത് വർഷം നീണ്ടുനിന്ന സഖ്യബന്ധം അവസാനിപ്പിച്ചുകൊണ്ടാണ് പാർട്ടി ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്. പാർട്ടിയുടെ ഉന്നത സമിതി യോഗത്തിന് ശേഷമാണ് വൈക്കോ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. തമിഴ്നാട്ടിൽ ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾക്ക് വളരാൻ അവസരം നൽകുന്ന ചില തീരുമാനങ്ങൾ ഡിഎംകെ സ്വീകരിച്ചുവെന്നാണ് എംഡിഎംകെ ഉയർത്തിയ പ്രധാന വിമർശനം. കൂടാതെ, സ്വന്തം പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കാനുള്ള അവസരം നിഷേധിച്ചതും സഖ്യം അവസാനിപ്പിക്കാൻ കാരണമായതായി വൈക്കോ ആരോപിച്ചു. എന്നാൽ എംഡിഎംകെയുടെ സഖ്യവിമുക്ത പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പാർട്ടിക്കുള്ളിൽ തിരിച്ചടിയും ഉണ്ടായി. സംസ്ഥാന നേതാക്കളും ജില്ലാ സെക്രട്ടറിമാരും ഉൾപ്പെടെ ഏകദേശം 150-ഓളം പ്രമുഖ ഭാരവാഹികൾ കൂട്ടത്തോടെ ഡിഎംകെയിൽ ചേർന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി. ഇതിനിടെ വിജയ് മുന്നോട്ടുവയ്ക്കുന്ന പുതിയ സഖ്യരൂപീകരണ ശ്രമങ്ങൾ തമിഴ്നാട്ടിലെ പ്രതിപക്ഷ രാഷ്ട്രീയത്തെ പുതിയ ദിശയിലേക്ക് നയിക്കുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഉപതെരഞ്ഞെടുപ്പുകൾ അടുത്തെത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത ശക്തമാണെന്നാണ് വിലയിരുത്തൽ.
Spread the love

Leave a Reply

Your email address will not be published. Required fields are marked *