BREAKING NEWS


കീം ഫലപ്രഖ്യാപനം മാറ്റി; സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി ഉൾപ്പെടുത്തി പുതിയ റാങ്ക് ലിസ്റ്റ്

By Nagaram Network
image 2026 06 22T130147.895

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം 2026 പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലത്തിലെ മാർക്കുകൾ കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച ശേഷമാകും ഫലം പ്രസിദ്ധീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.

സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം ഇന്നലെ രാത്രിയോടെയാണ് പുറത്തുവന്നത്. ഇതോടെ പുതുക്കിയ മാർക്ക് വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി നിരവധി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.

വിദ്യാർഥികളുടെ ആശങ്ക പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിലൂടെ മാർക്ക് വർധിച്ച വിദ്യാർഥികൾക്കും റാങ്ക് നിർണയത്തിൽ തുല്യാവസരം ലഭിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.

എല്ലാ വിഭാഗം വിദ്യാർഥികൾക്കും നീതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫലപ്രഖ്യാപനം മാറ്റിവെച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
പുതുക്കിയ മാർക്ക് വിവരങ്ങൾ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച ശേഷം പുതിയ തീയതിയിൽ കീം ഫലം പ്രഖ്യാപിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഫലപ്രഖ്യാപനത്തിന്റെ പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *