BREAKING NEWS


തമിഴ്നാട് നിയമസഭയിൽ മുല്ലപ്പെരിയാർ വിഷയം; കേരളത്തിന്റെ പുതിയ ഡാം ആവശ്യം തള്ളി വിജയ് സർക്കാർ

By Nagaram Network
image 2026 06 18T130450.662

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാരിനെതിരെ കടുത്ത നിലപാടുമായി തമിഴ്നാട്ടിലെ ടിവികെ സർക്കാർ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങളെ അനുവദിക്കില്ലെന്നും, നിലവിലെ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ വ്യക്തമാക്കി.

തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായ യാതൊരു നീക്കവും അംഗീകരിക്കില്ലെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ നിലപാടിൽ മാറ്റമില്ലെന്നും സർക്കാർ ആവർത്തിച്ചു.

നിയമസഭാ സമ്മേളനം പരമ്പരാഗത രീതിയിൽ തമിഴ് തായ് വാഴ്ത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് ദേശീയഗാനം ആലപിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

ടിവികെ ജാതി, മതം, പണം എന്നിവയ്ക്കതീതമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണെന്ന് ഗവർണർ പ്രസംഗത്തിൽ പറഞ്ഞു. സാമൂഹ്യ പരിഷ്‌കർത്താക്കളായ പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ ആശയങ്ങൾ പിന്തുടരുമെന്നും സർക്കാർ വ്യക്തമാക്കി.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. അതേസമയം മുൻ ഭരണകക്ഷിയായ ഡിഎംകെ ക്കെതിരെയും നയപ്രഖ്യാപനത്തിൽ വിമർശനം ഉയർന്നു. സംസ്ഥാനത്ത് ലഹരി വ്യാപനവും കുറ്റകൃത്യങ്ങളും വർധിക്കാൻ മുൻസർക്കാരിന്റെ വീഴ്ച കാരണമായെന്നാണ് ആരോപണം.

ഭാഷാ നയത്തിലും മുൻ നിലപാട് തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. ദ്വിഭാഷാ നയം തുടരുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തെയും ത്രിഭാഷാ നയത്തെയും ശക്തമായി എതിർക്കുമെന്നും പ്രസംഗത്തിൽ അറിയിച്ചു. ത്രിഭാഷാ നയവുമായി കേന്ദ്ര ധനസഹായത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.

സംസ്ഥാന താൽപര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പരമ്പരാഗത നിലപാടുകൾ തുടരുമെന്നും വിജയ് സർക്കാർ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *