BREAKING NEWS


സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരും; കോഴിക്കോട് ഓറഞ്ച് അലർട്ട്, 21 മുതൽ വീണ്ടും ശക്തമഴയ്ക്ക് സാധ്യത

By Nagaram Network
image 2026 06 17T141950.599

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 21 മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനിടെ പന്തലായനി മേഖലയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടമുണ്ടായി. രാവിലെ എട്ടുമണിയോടെ നാഗരാജന്റെ വീടിന് മിന്നലേറ്റതിനെ തുടർന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാകുകയും വീടിന്റെ തറയിലും ഭിത്തികളിലും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, കടൽ മേഖലകളിലും ജാഗ്രതാ മുന്നറിയിപ്പ് തുടരുകയാണ്. സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരപ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, ഒഡീഷ തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും മോശം കാലാവസ്ഥയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *