കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്ര ആരോഗ്യസംഘം കോഴിക്കോട് എത്തി. National Institute of Virology (NIV), Indian Council of Medical Research (ICMR) എന്നിവയുടെ വിദഗ്ധസംഘമാണ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി ജില്ലയിൽ എത്തിയിരിക്കുന്നത്.
കേന്ദ്രസംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും നിപ അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും. രോഗവ്യാപനം തടയുന്നതിനും പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനുമായി ആരോഗ്യ മന്ത്രി നാളെ കോഴിക്കോട് ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, രോഗിയുമായി സമ്പർക്കത്തിൽ വന്ന മൂന്ന് പേരുടെ സ്രവപരിശോധനാഫലം നെഗറ്റീവായി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചത്.
രോഗിയുടെ സമ്പർക്കത്തിലുള്ള മറ്റ് ആളുകളെ കണ്ടെത്തുന്നതിനും നിരീക്ഷണത്തിലാക്കുന്നതിനും ആരോഗ്യവകുപ്പ് നടപടികൾ തുടരുകയാണ്. ജില്ലയിൽ ജാഗ്രത ശക്തമാക്കിയതായും ആരോഗ്യ അധികൃതർ അറിയിച്ചു.
