കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് വീണ വിജയൻ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വീണ ഇഡിക്ക് ഇമെയിൽ അയച്ചു.

ആവശ്യമായ രേഖകൾ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തയ്യാറാണെന്നും, അഭിഭാഷകർ മുഖേന രേഖകൾ സമർപ്പിക്കുമെന്നും ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. വീണയുടെ അഭ്യർഥന പരിഗണിച്ച ഇഡി പുതിയ തീയതി അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി പുതുക്കിയ സമൻസ് ഇന്ന് നൽകുമെന്നാണ് വിവരം.
സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് ലഭിച്ച സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകാനായിരുന്നു ഇഡി വീണ വിജയന് നിർദേശം നൽകിയിരുന്നത്. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേടുകൾ നടന്നതായി എസ്.എഫ്.ഐ.ഒ. കണ്ടെത്തിയതിനെ തുടർന്നാണ് കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം ശക്തമാക്കിയത്.
2016 മുതൽ 2021 വരെയുള്ള കാലയളവിൽ സി.എം.ആർ.എല്ലിൽ നിന്ന് വീണ വിജയന് 2.78 കോടി രൂപ ലഭിച്ചതായും, എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായി സ്വീകരിച്ചതായും അന്വേഷണ രേഖകളിൽ പരാമർശമുണ്ട്. ഈ സാമ്പത്തിക ഇടപാടുകളാണ് നിലവിൽ ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്.
ഇതിനുമുമ്പ് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ 242 ബാങ്ക് അക്കൗണ്ടുകളിലായി 18 കോടിയിലധികം രൂപ മരവിപ്പിച്ചിരുന്നു. ധനലക്ഷ്മി ബാങ്കിലും എച്ച്.ഡി.എഫ്.സി. ബാങ്കിലുമുള്ള വീണയുടെ മൂന്ന് അക്കൗണ്ടുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. എക്സാലോജിക് സൊല്യൂഷൻസും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകൾ ഈ അക്കൗണ്ടുകൾ വഴിയാണ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ അന്വേഷണത്തിനായി ഇഡിക്ക് കൈമാറണമെന്ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഈ രേഖകളും റെയ്ഡിനിടെ വീണ നൽകിയ പ്രാഥമിക മൊഴിയും നിലവിലെ തെളിവുകളും തമ്മിലുള്ള പൊരുത്തക്കേടുകളും കേന്ദ്രീകരിച്ചായിരിക്കും തുടർ ചോദ്യം ചെയ്യൽ നടക്കുക.
