BREAKING NEWS


സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; അഞ്ച് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

By Nagaram Network
pGnldE3R image 41

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷ മഴ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും തീവ്രമഴയോ അതിതീവ്രമഴയോ സംബന്ധിച്ച മുന്നറിയിപ്പുകൾ നിലവിലില്ല.

അതേസമയം, വടക്കൻ കേരളത്തിൽ മഴ തുടരുമെന്നതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. എന്നാൽ സാധാരണ കാലവർഷ മഴ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തുടരുമെന്നാണ് പ്രവചനം.

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്ന് വടക്കൻ കേരളത്തിൽ മഴക്കെടുതികൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നദികളിലെയും പ്രധാന അണക്കെട്ടുകളിലെയും ജലനിരപ്പ് നിലവിൽ സുരക്ഷിത പരിധിയിലാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ 13 അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കിവിടുന്നുമുണ്ട്.

ശക്തമായ കാറ്റിന് സാധ്യത

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ശക്തമായ കാറ്റ്.

മരങ്ങൾ കടപുഴകിവീഴാനും ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഉള്ള സമയങ്ങളിൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യതയുള്ള മരക്കൊമ്പുകൾ വെട്ടിമാറ്റുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങളെക്കുറിച്ച് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുകയും വേണം.

ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, വൈദ്യുത പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുകയും ടെറസുകളിൽ നിൽക്കുന്നത് ഒഴിവാക്കുകയും വേണം.

സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ സുരക്ഷിതമല്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ ഘട്ടങ്ങളിൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്ന് നിർദേശിച്ചിട്ടുണ്ട്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നുവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം.

അതിരാവിലെ ജോലിക്ക് പോകുന്ന പത്ര-പാൽ വിതരണക്കാർ ഉൾപ്പെടെയുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ വൈദ്യുതി അപകടസാധ്യത ഉറപ്പാക്കിയ ശേഷമേ യാത്ര തുടരാവൂ എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൃഷിയിടങ്ങളിലൂടെയും നിർമാണ മേഖലകളിലൂടെയും സഞ്ചരിക്കുന്നവർ വൈദ്യുതി ലൈനുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *