BREAKING NEWS


കേരളത്തിൽ കാലവർഷം ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

By Nagaram Network
l7hBllgq man walking rain scaled

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.  24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വിവിധ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ജൂൺ 9 വരെ മത്സ്യബന്ധനത്തിന് നിരോധനം തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി സർവകലാശാല പിന്നീട് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കും.

തിരുവനന്തപുരത്ത് കനത്ത മഴ തുടരും

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *