BREAKING NEWS


കേരളത്തിൽ മഴ കനക്കും; മത്സ്യബന്ധന വിലക്ക് തുടരും

By Nagaram Network
Bengal rain

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മഴയുടെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം കേരള തീരം തൊട്ടത്. എന്നാൽ കാലവർഷം എത്തിയതിന് പിന്നാലെ തന്നെ വിവിധ ജില്ലകളിൽ ശക്തമായ മഴ രേഖപ്പെടുത്തുന്നുണ്ട്. ആദ്യ ദിവസങ്ങളിൽ തന്നെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം, കടൽക്ഷോഭത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യത നിലനിൽക്കുന്നതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ നിർദേശിച്ചു.

നാളെയും സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് തുടരും. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കുകയും കാലാവസ്ഥാ വകുപ്പിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *