BREAKING NEWS


മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്

By Nagaram Network
l7hBllgq man walking rain scaled

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കേരളത്തിൽ കാലവർഷം പ്രവേശിക്കുന്നതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്നാട്ടിലെ ചില മേഖലകൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, കടൽക്ഷോഭത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധന വിലക്ക് തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണം. നദീതീരങ്ങൾ, അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങൾ, ദുരന്തസാധ്യത മേഖലകൾ എന്നിവിടങ്ങളിലുള്ളവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും ദുർബലമായ മേൽക്കൂരകളുള്ള വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീഴുന്നതും വൈദ്യുതി പോസ്റ്റുകൾ തകരുന്നതുമൂലമുള്ള അപകട സാധ്യതയും മുന്നിൽ കാണണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

യാത്രകൾ പരമാവധി ഒഴിവാക്കുക

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കുകയോ ജലാശയങ്ങളിൽ ഇറങ്ങുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ട്. വെള്ളച്ചാട്ടങ്ങൾ, ഡാമുകൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഒഴിവാക്കണം.

ജലാശയങ്ങൾക്ക് സമീപമുള്ള റോഡുകളിലൂടെയും അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലൂടെയും യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്ന സ്ഥലങ്ങളിലൂടെ വാഹനമോടിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *