കൊൽക്കത്ത: വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമബംഗാളിൽ 77 ഇടങ്ങളിൽ റീ പോളിങ് നടത്താൻ ഉത്തരവിട്ടു. മെയ് രണ്ടിനാണ് റീപോൾ നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആകെ 77 പരാതികളാണ് കമ്മീഷന് ലഭിച്ചത്.

രണ്ടാംഘട്ട വോട്ടെടുപ്പിനിടെ മമത ബാനർജിയും സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലത്തിൽ നാടകീയ സംഭവങ്ങളുണ്ടായി. കാളിഘട്ട് ബൂത്തിലെത്തിയ സുവേന്ദു അധികാരിക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു.
തിരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമം നടക്കുന്നുവെന്നാരോപിച്ച് തൃണമൂലും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തി. ഫൽത്ത മണ്ഡലത്തിൽ ഇവിഎമ്മിൽ ബിജെപി, സിപിഐഎം ചിഹ്നങ്ങൾ മറച്ച നിലയിൽ കണ്ടെത്തിയതും വിവാദമായി.അതേസമയം, ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിലും റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 92.17 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
