
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ 60ഓളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് പീഡനവും മൂലമുണ്ടായ സംഭവമാണെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. അധ്യാപകരായ ഡോ. എം.കെ. റാം അടക്കമുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുക, ‘രോഹിത് വെമുല നിയമം’ നടപ്പാക്കുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ഹർത്താൽ ബന്ദായി മാറാൻ സാധ്യതയുണ്ടെന്നും റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയുമെന്നും ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ സുനിൽ കൊയിലേരിയൻ അറിയിച്ചു. വ്യാപാരികൾ കടകമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു. അവശ്യസേവനങ്ങൾ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരള പിന്നാക്ക സമുദായ മുന്നണി ഉൾപ്പെടെ നിരവധി സംഘടനകൾ ഹർത്താലിന് ഐക്യദാർഢ്യം അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നുമാണ് സംഘടനകളുടെ ആവശ്യം.
