ലൗ ജിഹാദ് ഇന്ത്യയുടെ ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണി;അടിയന്തിര ഇടപെടൽ നടത്തണമെന്ന് ഉത്തർപ്രദേശ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി
ലൗ ജിഹാദ് ഇന്ത്യയുടെ ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഇന്ത്യയുടെ ജനസംഖ്യയിൽ ഘടനാപരമായ മാറ്റം വരുത്താനുള്ള നീക്കമാണെന്നും ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി. ഉത്തർപ്രദേശ് ബറേലിയിലെ അഡീഷണൽ ജില്ലാ ജഡ്ജി രവികുമാർ ദിവാകറാണ് ഈ പരാമർശം നടത്തിയത്. മുസ്ലിം യുവാവ് താൻ ഒരു ഹിന്ദുവാണെന്ന് വിശ്വസിപ്പിച്ച് ഹിന്ദു യുവതിയെ വിവാഹം കഴിച്ച സംഭവത്തിൽ ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് ജഡ്ജിയുടെ പരാമർശം. ജീവപര്യന്തം തടവു ശിക്ഷയാണ് ഈ യുവാവിന് ലഭിച്ചത്. മതപരിവർത്തനം നടത്താനുള്ള ഇത്തരം നീക്കങ്ങൾക്ക് വിദേശത്തുനിന്നും ഫണ്ട് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ചില ഗ്രൂപ്പുകൾ നിയമവിരുദ്ധമായ മതപരിവർത്തനത്തിനായി ഹിന്ദു സ്ത്രീകളെ ആകർഷിച്ചെടുക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. ഇപ്രകാരമുളള മതപരിവർത്തനങ്ങൾക്ക് വിദേശ സ്രോതസുകളിൽ നിന്ന് പണം ലഭിക്കുന്നുണ്ട്. പാകിസ്ഥാനിലും ബംഗ്ളാദേശിലും ഉള്ളതുപോലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനുളള വലിയ പദ്ധതിയുടെ ഭാഗമാണിത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ജഡ്ജി വാദത്തിനിടെ പറഞ്ഞു എന്നാണ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്യുന്നത്.
മുഹമ്മദ് അലിയെന്ന ഇരുപത്തഞ്ചുകാരനായ യുവാവാണ് ആനന്ദ് എന്ന് പരിചയപ്പെടുത്തി യുവതിയ കബളിപ്പിച്ചത്. വിവാഹം കഴിഞ്ഞതിനു ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ടതായി 20കാരിയായ യുവതി തിരിച്ചറിഞ്ഞത്. ഗർഭച്ഛിദ്രം നടത്താൻ നിരന്തരം സമ്മർദ്ദം ചെലുത്തുകയും ജീവന് ഭീഷണി നേരിടുകയും ചെയ്തതിനെ തുടർന്നാണ് യുവതി പരാതി നൽകിയത്. മുഹമ്മദ് അലിയെ കുറ്റകൃത്യങ്ങൾ ചെയ്യാൻ സഹായിച്ചതിന് പിതാവ് സാബിറിനെ കോടതി രണ്ടുവർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.