‘നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി’; ചട്ട വിരുദ്ധമെന്ന ആരോപണവുമായി പ്രതിപക്ഷം

 ‘നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി’; ചട്ട വിരുദ്ധമെന്ന ആരോപണവുമായി പ്രതിപക്ഷം

തിരുവനന്തപുരം: ഒക്ടോബർ നാലിന് തുടങ്ങാനിരിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിലേക്ക് പ്രതിപക്ഷം നൽകിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മറ്റിയെന്ന് ആരോപണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇക്കാര്യം ഉന്നയിച്ച് സ്പീക്കർക്ക് കത്ത് നൽകി. കാഫിർ സ്ക്രീൻ ഷോട്ട് വിവാദം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ഉൾപ്പെടെയുള്ള ചോദ്യങ്ങളിൽ നിന്നാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയത്. നിയമസഭയിൽ ചോദ്യം നേരിട്ട് ഉന്നയിക്കാനും മറുപടി മന്ത്രിയിൽ നിന്ന് നേരിട്ട് ലഭിക്കാനുമാണ് പ്രാധാന്യമനുസരിച്ച് നക്ഷത്ര ചിഹ്നമിടുന്നത്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി പറയേണ്ടതില്ല, പകരം രേഖാമൂലം മറുപടി നൽകിയാൽ മതിയാകും.

നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നൽകിയ 49 നോട്ടീസുകളാണ് സ്പീക്കറുടെ നിർദ്ദേശങ്ങൾക്കും മുൻകാല റൂളിംഗുകൾക്കും വിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങൾ ആക്കിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷാംഗങ്ങളുടെ ചോദ്യ നോട്ടീസുകൾ ചട്ടം 38, 39 എന്നിവ പ്രകാരം പരിശോധിച്ച് പൊതുപ്രാധാന്യം പരിഗണിച്ചു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ പൂർണരൂപം

ബഹു സ്പീക്കർ,

വിഷയം : നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചത് സംബന്ധിച്ച്;

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിൽ 07.10.2024ന് സഭയിൽ ഉന്നയിക്കുന്നതിനായി പ്രതിപക്ഷ സാമാജികർ നോട്ടീസ് നൽകിയ നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങളിൽ ബഹുഭൂരിപക്ഷവും ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റി അനുവദിച്ച നടപടിയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

നിയമസഭയിൽ മുഖ്യമന്ത്രിയിൽ നിന്നും നേരിട്ട് മറുപടി ലഭിക്കേണ്ട വളരെ പ്രസക്തമായ വിഷയങ്ങൾ സംബന്ധിച്ച് നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി പ്രതിപക്ഷ സാമാജികർ നൽകിയ 49 നോട്ടീസുകളാണ് ഇപ്രകാരം ചട്ടങ്ങൾക്കും ബഹു. സ്പീക്കറുടെ നിർദ്ദേശങ്ങൾക്കും മുൻകാല റൂളിംഗുകൾക്കും വിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയിട്ടുള്ളത്. പ്രസ്തുത ചോദ്യങ്ങളുടെ നമ്പറും നോട്ടീസ് നമ്പറും വിഷയവും നോട്ടീസ് നൽകിയ അംഗങ്ങളുടെ പേരും ചുവടെ ചേർക്കുന്നു.

ചോദ്യം നമ്പർ- നോട്ടീസ് നമ്പർ -വിഷയം -നോട്ടീസ് നൽകിയ അംഗം

1) Unstarred 113
(നോട്ടീസ് നമ്പർ 198, 199, 200, 201)
പോലീസിൽ വർഗീയശക്തികളുടെ ഇടപെടൽ

കെ. ബാബു, എൽദോസ് പി. കുന്നപ്പള്ളിൽ, ടി.ജെ. വിനോദ്, ചാണ്ടി ഉമ്മൻ)

2) US 117
(നോട്ടീസ് 193, 194, 195, 196)
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച

(തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോ. മാത്യു കുഴൽനാടൻ, സനീഷ് കുമാർ ജോസഫ്, സി.ആർ. മഹേഷ്)

3) US 119
(നോട്ടീസ് 213, 214, 215)
തൃശ്ശൂർ പൂരം തടസപ്പെട്ട സംഭവം

( പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്)

4) US 120
(നോട്ടീസ് 202, 203, 204, 205)
എ.ഡി.ജി.പിക്കെതിരായ ആരോപണം

(എ.പി. അനിൽകുമാർ, ഐ.സി.ബാലകൃഷ്ണൻ, സജീവ് ജോസഫ്, ഉമ തോമസ്)

5) US 121
(നോട്ടീസ് 208, 209, 210)
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ആരോപണം

(അൻവർ സാദത്ത്, എം. വിൻസെന്റ്, കെ. കെ. രമ)

6) US 122
(നോട്ടീസ് 363, 364, 365, 366)
തൃശ്ശൂർ പൂരം തടസ്സപ്പെടുത്തിയത്

(സണ്ണി ജോസഫ്, അൻവർ സാദത്ത്, എം വിൻസെന്റ്, കെ. കെ. രമ )

7) US 132
(നോട്ടീസ് 229, 230, 231)
പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണം

(പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി സിദ്ധിഖ്)

8) US 103
(നോട്ടീസ് 376, 377, 378, 379)
പോലീസ് സേനയിലെ ക്രിമിനൽവത്ക്കരണം

(കെ.പി.എ മജീദ്, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, പി. ഉബൈദുള്ള)

9) US 114
(നോട്ടീസ് 430, 431, 432, 433)
തൃശ്ശൂർ പൂരം തടസ്സപ്പെട്ടത്

( ടി.വി. ഇബ്രാഹിം, കുറുക്കോളി മൊയ്തീൻ, യു.എ. ലത്തീഫ്, എ.കെ.എം. അഷറഫ്)

10) US 116
(നോട്ടീസ് 436, 437, 438, 439)
തൃശ്ശൂർ പൂരം തടസ്സപ്പെട്ടത്

(ആബിദ് ഹുസൈൻ തങ്ങൾ, ഡോ. എം.കെ. മുനീർ, പി. അബ്ദുൽ ഹമീദ്, കെ.പി.എ. മജീദ്)

11) US 118
(നോട്ടീസ് 384, 385, 386, 387)
സ്വർണ്ണക്കടത്ത് പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ

(എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, പി. കെ. ബഷീർ, ടി.വി. ഇബ്രാഹിം)

12) US 133
(നോട്ടീസ് 458, 459, 460, 461)
മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം

(ഡോ. എം.കെ. മുനീർ, മഞ്ഞളാംകുഴി അലി, പി. അബ്ദുൽ ഹമീദ്, ടി.വി. ഇബ്രാഹിം)

13) US 143
(നോട്ടീസ് 400, 401, 402, 403)
കാഫിർ സ്‌ക്രീൻ ഷോട്ട്

(കുറുക്കോളി മൊയ്തീൻ, എ.കെ.എം. അഷറഫ്, മഞ്ഞളാംകുഴി അലി, പി. ഉബൈദുള്ള)

07.10.2024-ന് സഭയിൽ വാങ് മൂലം ചോദ്യങ്ങൾ ഉന്നയിക്കുവാനുള്ള നറുക്കെടുപ്പിൽ ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ), ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ. സനീഷ് കുമാർ ജോസഫ്, ശ്രീ. എ.പി. അനിൽകുമാർ, ശ്രീ. ഐ.സി. ബാലകൃഷ്ണൻ, ശ്രീ. ടി.വി. ഇബ്രാഹിം, ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ എന്നീ ബഹുമാനപ്പെട്ട സാമാജികർക്ക് യഥാക്രമം 1, 4, 6, 20, 25, 29, 30 നമ്പർ മുൻഗണനകൾ ലഭിച്ചിരുന്നു. എന്നാൽ പ്രസ്തുത സാമാജികർ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നോട്ടീസ് നൽകിയ മേൽപ്പറഞ്ഞ ചോദ്യനോട്ടീസുകൾ എല്ലാം നിയമസഭാ സെക്രട്ടറിയേറ്റ് ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കി മാറ്റിയതിനാൽ കേരളത്തിന്റെ പൊതുസമൂഹത്തിൽ അത്യന്തം ആശങ്ക ഉളവാക്കിയിട്ടുള്ളതും വർത്തമാനകാല സാഹചര്യത്തിൽ ഏറ്റവും പൊതു പ്രാധാന്യമുള്ളതുമായ ഈ വിഷയങ്ങൾക്ക് സഭാതലത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിൽ നിന്നും വാങ് മൂലം മറുപടി തേടി വ്യക്തത വരുത്തുന്നതിനുള്ള അവസരം പ്രതിപക്ഷ സാമാജികർക്കു നിഷേധിച്ചിരിക്കുകയാണ്.

നക്ഷത്ര ചിഹ്നം ഇട്ട ചോദ്യ നോട്ടീസുകളെ നക്ഷത്ര ചിഹ്നം ഇടാത്തതായി മാറ്റുന്നത് സംബന്ധിച്ച ബഹുമാനപ്പെട്ട സ്പീക്കറുടെ ഒന്നാം നമ്പർ നിർദ്ദേശത്തിലെ 1(സി), 1(ഡി), 1(ഇ) എന്നിവ ദുർവ്യാഖ്യാനം ചെയ്തു, ‘സഭയിൽ ഉന്നയിക്കുവാനുള്ള പൊതു പ്രാധാന്യം ഇല്ല, തദ്ദേശീയ പ്രാധാന്യം മാത്രമുള്ള ചോദ്യമാണ്, സഭാതലത്തിൽ വിശദമാക്കേണ്ട നയപരമായ പ്രാധാന്യം ഇല്ല’ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറിയേറ്റ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമായി മാറ്റിയതിലൂടെ പ്രസ്തുത ചോദ്യം സഭയിൽ ഉന്നയിക്കുവാനുള്ള അവസരം നിയമസഭ നടപടി ചട്ടത്തിന്റെയും നിർദേശങ്ങളുടെയും അന്തഃസത്തയ്ക്ക് വിരുദ്ധമായി നിഷേധിച്ചിരിക്കുന്നു.

കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി- ആർ.എസ്.എസ് നേതാക്കളുമായി തുടർച്ചയായി കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ശരിവെക്കുന്ന തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലും; തൃശ്ശൂർ പൂരം തടസ്സപ്പെടുത്തുന്നതിൽ ഗൂഢാലോചന നടന്നതായി ഇടതു സർക്കാരിലെ മുൻമന്ത്രി തന്നെ വെളിപ്പെടുത്തിയതും ഭരണകക്ഷി എം.എൽ.എ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കും എതിരെ ഉന്നയിച്ച ആരോപണങ്ങളും തെരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചതും ഉൾപ്പെടെ കേരളീയ പൊതുസമൂഹം വളരെ ആശങ്കയോടെ ചർച്ച ചെയ്യുന്നതും സർക്കാരിൽ നിന്നും ജനങ്ങൾ വ്യക്തത ആവശ്യപ്പെടുന്നതുമായ മർമ്മപ്രധാനമായ കാര്യങ്ങളാണ് മേൽപ്പറഞ്ഞ ചോദ്യ നോട്ടീസുകൾക്ക് ആധാരമായ വിഷയം.

ഇക്കാര്യത്തിന്റെ വസ്തുത ജനാധിപത്യ മാർഗത്തിലൂടെ സഭാതലത്തിൽ ബോധ്യപ്പെടുത്താൻ സർക്കാരിനും സമൂഹത്തിന്റെ പൊതുവികാരം പ്രതിഫലിപ്പിക്കുന്ന ചോദ്യം ഉന്നയിക്കാൻ സാമാജികർക്കും അവസരം നിഷേധിക്കുന്ന രീതിയിൽ വിഷയത്തിന് പൊതു പ്രാധാന്യമില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് കണ്ടെത്തിയതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കാൻ ബഹു. സ്പീക്കർ തയ്യാറാകണം.

അംഗങ്ങൾ മുൻഗണന രേഖപ്പെടുത്തി നൽകുന്ന ചോദ്യ നോട്ടീസുകൾ സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതയുള്ള പക്ഷം നിയമസഭാ സെക്രട്ടേറിയറ്റ് സാധാരണഗതിയിൽ ബഹുമാനപ്പെട്ട സാമാജികരുടെ ഓഫീസുമായോ അല്ലെങ്കിൽ അതാതു പാർലമെന്ററി പാർട്ടി ഓഫീസുകളുമായോ ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി തന്നെ അനുവദിക്കുന്ന രീതിയാണ് പിന്തുടർന്ന് വരുന്നത്. എന്നാൽ ഇത്രയധികം ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി അഡ്മിറ്റ് ചെയ്തിട്ടും ഒരു നോട്ടീസ് സംബന്ധിച്ച് പോലും അത്തരത്തിൽ ഒരു വ്യക്തത വരുത്തുവാൻ നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാകാതിരുന്നത് ദുരൂഹമാണ്.

മേൽപ്പറഞ്ഞ കാര്യങ്ങളിൽ നിന്നും മുഖ്യമന്ത്രിക്കും സർക്കാരിനും സഭാതലത്തിൽ മറുപടി പറയുവാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളിലെ ചോദ്യങ്ങൾ ഒഴിവാക്കുന്നതിന് ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന കാര്യം വ്യക്തമാണ്.

നിയമസഭാ നടപടി ചട്ടം 38, 39 എന്നിവ പ്രകാരം ചോദ്യ നോട്ടീസുകൾ അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ബഹുമാനപ്പെട്ട ചെയറിൽ നിക്ഷിപ്തമാണ്. ബഹുമാനപ്പെട്ട സ്പീക്കർ അപ്രകാരം പരിശോധന നടത്തുമ്പോൾ വാങ്മൂലം ഉത്തരത്തിനായി നോട്ടീസ് നൽകിയിട്ടുള്ള ഏതെങ്കിലും ചോദ്യങ്ങൾ സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തത ആവശ്യമുള്ള പക്ഷം 39-ാം ചട്ടത്തിന്റെ ക്ലിപ്ത നിബന്ധന പ്രകാരം നോട്ടീസ് നൽകിയ അംഗത്തിനോട് വാങ്മൂലം ഉത്തരം നൽകേണ്ടതിന്റെ കാരണം വ്യക്തമാക്കുവാൻ ആവശ്യപ്പെടാവുന്നതും ആയതു പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കാവുന്നതുമാണ്. മേൽപ്പറഞ്ഞ 49 ചോദ്യ നോട്ടീസുകളുടെ കാര്യത്തിലും അങ്ങനെയൊരു നടപടി ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.

ചട്ടങ്ങളുടെയും റൂളിംഗുകളുടെയും നിർദ്ദേശങ്ങളുടെയും അന്തസത്തയ്ക്ക് വിരുദ്ധമായി പ്രതിപക്ഷ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് 23.8.2022 നു നോട്ടീസ് നൽകിയിരുന്ന നിരവധി നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി അഡ്മിറ്റ് ചെയ്തതിനെ തുടർന്ന് പതിനഞ്ചാം കേരള നിയമസഭയുടെ കാലയളവിൽ തന്നെ ബഹുമാനപ്പെട്ട സ്പീക്കർക്ക് രേഖമൂലം പരാതി നൽകിയിട്ടുള്ളതാണ്. എന്നാൽ പ്രതിപക്ഷ അവകാശങ്ങളെ നിഷേധിക്കുന്ന സമീപനം ആവർത്തിക്കപ്പെടുകയാണ്. ഇത്തരം നടപടികൾ പാർലമെന്ററി ജനാധിപത്യ പ്രക്രിയയെ തന്നെ അപ്രസക്തമാക്കുന്നതാണ്.

ആയതിനാൽ നിയമസഭ നടപടി ചട്ടം 36, ബഹു. സ്പീക്കറുടെ ഒന്നാം നമ്പർ നിർദേശം, ചോദ്യങ്ങൾ എഡിറ്റ് ചെയ്യുന്നതും അനുവദിക്കുന്നതും സംബന്ധിച്ച മുൻകാല റൂളിംഗുകൾ എന്നിവയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമായി മേല്പറഞ്ഞ 49 ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങൾ ആക്കി മാറ്റി ചോദ്യോത്തരവേളയുടെ സാംഗത്യം ഇല്ലാതാക്കുന്ന രീതിയിൽ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും; പ്രസ്തുത ചോദ്യ നോട്ടീസുകൾ ചട്ടം 38, 39 എന്നിവ പ്രകാരം പരിശോധിച്ച് ചോദ്യങ്ങളുടെ പൊതുപ്രാധാന്യം പരിഗണിച്ചു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിച്ചു കൊണ്ടു പാർലമെന്ററി ജനാധിപത്യ പ്രക്രിയയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും ബഹു. സ്പീക്കറോട് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *