പച്ചക്കറി വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; ഭാര്യ ഭർത്താവിന് കൊടുത്തുവിട്ട വൈറൽ കുറിപ്പ്

സാധനങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് ഭർത്താക്കന്മാർക്ക് എഴുതി കൊടുത്തു വിടുകയെന്നത് എല്ലാ ഭാര്യമാരും ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് വിരമിച്ച ഭർത്താവ് മോഹൻ പാർജിയനു ഭാര്യ കൊടുത്തുവിട്ട കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. അദ്ദേഹം തന്നെയാണ് കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചതും.
പച്ചക്കറികൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഭാര്യ കുറിപ്പിൽ പ്രത്യേകം എഴുതിയിട്ടുണ്ട്. മാത്രമല്ല, പച്ചക്കറികളുടെ ആകൃതിയിലും ശ്രദ്ധ വേണമെന്ന് പറയുന്നുമുണ്ട്. തക്കാളി വാങ്ങുമ്പോൾ മഞ്ഞയും ചുവപ്പും കലർന്നതായിരിക്കാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ കൂടുതൽ ദിവസം തക്കാളി കേടു കൂടാതെ ഇരിക്കുകയുള്ളൂ. മാത്രമല്ല തക്കാളിയിൽ ദ്വാരമില്ലെന്നും ഞെങ്ങുന്നില്ലെന്നും ഉറപ്പാക്കണം. സവാള ഉരുണ്ടതും ചെറുതുമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
ഉരുളക്കിഴങ്ങിൽ ഒരിക്കലും പച്ചനിറമുണ്ടായിരിക്കരുത്. വെണ്ടക്ക വാങ്ങുമ്പോൾ അധികം മൃദുവായതും കട്ടിയുള്ളതും ആകാതിരിക്കാൻ ശ്രദ്ധിക്കണം. പച്ചമുളക് കടുംപച്ച നിറത്തിലുള്ളതായിരിക്കണം. പാലക് വാങ്ങുമ്പോൾ നല്ല ഇലകൾ ഉണ്ടായിരിക്കണം. അതിൽ ദ്വാരങ്ങൾ പാടില്ല… ഇങ്ങനെ ഓരോ സാധനത്തിന്റെയും നേർക്ക് പ്രത്യേകം ചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്.
കുറിപ്പ് ശ്രദ്ധയിൽ പെട്ട പലരും ഭാര്യയെ അഭിനന്ദിക്കാൻ മറന്നില്ല. രസകരമായ നിരവധി കമ്മന്റുകളാണ് പോസ്റ്റിനു താഴെ വന്നിരിക്കുന്നത്.