വരുന്നൂ വീണ്ടും എച്ച്എംടി വാച്ച്; ഇനി നമുക്ക് ആ​ഗോള ​ബ്രാൻഡിനെ കയ്യിലാക്കാം…

 വരുന്നൂ വീണ്ടും എച്ച്എംടി വാച്ച്; ഇനി നമുക്ക് ആ​ഗോള ​ബ്രാൻഡിനെ കയ്യിലാക്കാം…

ഒരുകാലത്തു എച്ച്എംടി വാച്ച് വലിയ തരംഗമായിരുന്നു. എന്നാൽ പിന്നീട് പല വാച്ച് കമ്പനികളും ആ സ്ഥാനം കയ്യടക്കി. ഇപ്പോൾ ലോകം മുഴുവൻ പല കമ്പനിയുടെ സ്മാർട്ട് വാച്ചുകളുടെ മുന്നേറ്റമാണുള്ളത്. എന്നാൽ എച്ച്എംടി വാച്ച് ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രി എച്ച്‌ഡി കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ തീരുമാനം. 6,500 കോടി രൂപയാണ് എച്ച് എം ടിയിൽ കേന്ദ്രസർക്കാർ നിക്ഷേപിക്കുക.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും (എഐ) റോബോട്ടിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് പുതിയ മോഡൽ വാച്ച് വികസിപ്പിക്കാനാണ് പദ്ധതി. ഇതോടൊപ്പം രാജ്യാന്തര തലത്തിൽ ബ്രാൻഡിങ്ങിനെ കുറിച്ചും കേന്ദ്ര സർക്കാർ ആലോചിച്ചിട്ടുണ്ട്.പ്രാദേശിക സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് ആധുനിക മോഡൽ വാച്ച് നിർമാണത്തിന് ഊന്നൽ നൽകാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. വികാസിത ഭാരത് യോജനയ്‌ക്ക് കീഴിൽ വൻ തുക നിക്ഷേപിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. കുമാരസ്വാമി ഇതിനോടകം വിദഗ്ധരുമായി പലവട്ടം ചർച്ചകൾ നടത്തിക്കഴിഞ്ഞു.

ഗൗരി ഉത്സവത്തോടനുബന്ധിച്ച് മകൻ നിഖിൽ കുമാരസ്വാമിക്ക് എച്ച്എംടി വാച്ച് സമ്മാനമായി നൽകിയാണ് കുമാരസ്വാമി ശ്രദ്ധ നേടിയത്. ഇതിനുപുറമെ, എച്ച്എംടി വാച്ച് സമ്മാനമായി നൽകാൻ തിരഞ്ഞെടുക്കാൻ കർണാടകയിലെ എംഎൽഎമാരോടും, എംപിമാരോടും ദിവസങ്ങൾക്ക് മുമ്പ് കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര സർക്കാരിന്റെ മൂലധന നിക്ഷേപം കർണാടകയിലെ യുവാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും തൊഴിലവസരങ്ങൾ നൽകും. മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗത്തെ പുനരുജ്ജീവിപ്പിക്കാനും ആലോചനയുണ്ട്.എച്ച്എംടി വാച്ചിന് ആഗോള അംഗീകാരം ലഭിക്കുന്നതിന് ഉൽപ്പാദന നിലവാരത്തിൽ ഊന്നൽ നൽകുന്നതിനും കേന്ദ്രസർക്കാർ മുൻഗണന നൽകും.

Leave a Reply

Your email address will not be published. Required fields are marked *