പിടികൂടിയ മൂർഖൻ പാമ്പിന്റെ തല വായിലാക്കി; വൈറലാകാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

പാമ്പുപിടുത്തക്കാരനായ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു. മൂർഖൻ പാമ്പിന്റെ തല വായിലാക്കി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യുവാവിന്റെ ദാരുണാന്ത്യം. തെലങ്കാനയിലാണ് സംഭവം നടന്നത്. കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തിലെ 20 കാരനായ മോച്ചി ശിവരാജാണ് മരിച്ചത്.
പാമ്പ് ശല്യത്തെ കുറിച്ച് ദേശായ്പേട്ടിലെ കോളനി നിവാസികൾ സ്നേക് റെസ്ക്യൂവറായ ഗംഗാറാമിനെയും മകൻ ശിവരാജിനെയും വിവരം അറിയിച്ചിരുന്നു. തുടർന്ന് പിതാവിന്റെ നിർദേശം അനുസകരിച്ച് ശിവരാജ് പാമ്പ് പിടിക്കാനെത്തി.
രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ശിവരാജ് പിടികൂടിയത്. തുടർന്ന് പാമ്പിനെയും ചേർത്ത് സെൽഫിയും വീഡിയോയും പകർത്താൻ തുടങ്ങി.
കോളനിയിൽ നിന്ന് പിടികൂടിയ പാമ്പിന്റ തല തന്റെ വായിലാക്കി വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ ശിവരാജിന്റെ നാവിൽ മൂർഖൻ കൊത്തുകയായിരുന്നു. ബോധമറ്റ് നിലത്തുവീണ ശിവരാജിനെ ഉടൻതന്നെ ബൻസ്വാധയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.