സ്കൂൾ ടീച്ചർമാരുടെ ജോലി ദുരിതക്കയത്തിൽ; മാനസിക സമ്മർദ്ദം, കുറഞ്ഞ ശമ്പളം,പെൻഷനില്ല; കാണാതെ പോകരുത് ഈ വിഷമങ്ങൾ

വീണ്ടും ഒരു ടീച്ചേർസ് ഡേ കൂടി വന്നെത്തി.ടീച്ചർ എന്ന് പറയുമ്പോൾ നല്ല ജോലിയാണല്ലോ എന്ന് എല്ലാവരും പറയുന്നത് പതിവാണ്. എന്നാൽ ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ഒരു ടീച്ചറുടെ ജോലി. ഈ കഷ്ടപ്പാടുകളൊക്കെ സഹിച്ചു ജോലി ചെയ്താൽ കിയ്യുന്നതോ തുച്ഛമായ ശമ്പളവും. പൊതുമേഖലയിലെ അധ്യാപകർക്ക് നല്ല ശമ്പളം ലഭിക്കുന്നുണ്ടെന്നത് ശരിയാണ് പക്ഷെ സ്വകാര്യ മേഖലയിൽ കാര്യങ്ങൾ അങ്ങനെയല്ല കൂടാതെ മാനസിക സമ്മർദങ്ങളും ഒക്കെയുണ്ട്
കുടുംബത്തിലെ ജോലികൾ എല്ലാം തീർത്ത് സ്കൂളിലേക്കുള്ള ഓട്ടം, അവിടെയും പിടിപ്പത് ജോലി, സാധാരണ സമ്മർദ്ദമേറുന്ന ജോലി ചെയ്യുമ്പോൾ നല്ല ശമ്പളം ലഭിക്കുന്നത് ടീച്ചർമാരുടെ കാര്യത്തിൽ പ്രായോഗികമല്ല എന്നതാണ് മാനേജ്മെന്റ് നിലപാട്. വൈകുന്നേരത്തോടെ തിരിച്ചു വീട്ടിലെത്തിയാലും വീണ്ടും ഉത്തര പേപ്പർ നോക്കുകയും, പിറ്റേന്ന് പഠിപ്പിക്കാനുള്ളത് തയാറാക്കുകയും വേണം. ഇങ്ങനെ നൂറു കൂട്ടം സമ്മർദ്ദങ്ങൾക്കിടയിലാണ് ഓരോ ടീച്ചർമാരും ജീവിതം ഹോമിച്ചു തീർക്കുന്നത്. മണിക്കൂറുകളോളം നിന്ന നിൽപ്പിൽ പഠിപ്പിക്കേണ്ടി വരുന്ന ടീച്ചർമാർ മാനസിക സമ്മർദ്ദത്തിന് പുറമെ കടുത്ത ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്നു. നിന്ന് ജോലി ചെയ്യുന്ന ടീച്ചർമ്മാർക്ക് വെരികോസ് വെയിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, ഹോർമോൺ വ്യതിയാനങ്ങളും, ജീവിത ശൈലി രോഗങ്ങളുമെല്ലാം പൊതുവായുണ്ട് എന്ന് പഠനങ്ങൾ കാണിക്കുന്നു. മാനേജ്മെൻറ്റ് ചെലുത്തുന്ന സമ്മർദ്ദത്തിന് പുറമെ, കുട്ടികളുടെ മാതാപിതാക്കളുടെ പരാതികളും ആകുന്നതോടെ ടീച്ചറുടെ ജീവിതം ചെകുത്താനും, കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാകുന്നുണ്ട് എന്നും അനുഭവസ്ഥർ പറയുന്നു.
6000 രൂപ ശമ്പളം ലഭിക്കുന്ന ടീച്ചർമാർ മുതൽ മാസം ഒരു ലക്ഷം വരെ ശമ്പളം ലഭിക്കുന്ന ടീച്ചർമാർ ഇന്ത്യയിൽ ഉണ്ട്. അതിൽ ഉയർന്ന ശമ്പളം ലഭിക്കുന്ന ടീച്ചർമാരുടെ എണ്ണം വളരെ കുറവാണ്. ഭൂരിഭാഗത്തിനും 10,000 രൂപക്കും 30,000 രൂപയ്ക്കും ഇടയിലാണ് ശമ്പളം. അധിക ശമ്പളം ലഭിക്കുന്ന മുതിർന്ന ടീച്ചർമാരെ ഓരോ വർഷവും ഒഴിവാക്കി കുറഞ്ഞ ശമ്പളത്തിൽ പുതുമുഖങ്ങളെ എടുക്കാനും മാനേജ്മെന്റുകൾ ശ്രദ്ധിക്കുന്നു എന്ന് അനുഭവസ്ഥർ പറയുന്നു. .
ഒരു ടീച്ചർ ജോലി വേണ്ടെന്ന് വച്ചാൽ തയ്യാറായി ഒരു നൂറ് പേർ വരും അത് മാനേജ്മെന്റുകൾക്ക് അറിയാം അവരത് മുതലെടുക്കുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ് ഫോമുകളും ട്യൂഷനുകളുമാണ് സാധാരണ സ്വകാര്യ സ്കൂളുകളേക്കാൾ ഭേദം എന്ന് ടീച്ചർമാർ പറയുന്നത് അതുകൊണ്ടാണ്.പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും ഇല്ല ഈ ജോലിക്ക്.ഇപ്പോൾ ശനിയാഴ്ചകളിലും പല സ്കൂളുകളിലും പ്രവർത്തി ദിനമാണ്.