‘ആ കാർമേഘങ്ങളൊക്കെ ഒഴിയട്ടെ, എല്ലാം കലങ്ങി തെളിയട്ടെ’; മലയാള സിനിമയെ സങ്കടകരമായ ഘട്ടത്തിലെന്ന് മഞ്ജു വാര്യർ

കോഴിക്കോട്: മലയാള സിനിമ സങ്കടകരമായ ഘട്ടത്തിൽ എന്ന് മഞ്ജുവാര്യർ. ആ കാർമേഘങ്ങൾ ഒക്കെ ഒഴിയട്ടെ എന്നും എല്ലാം കലങ്ങി തെളിയട്ടെ എന്നും മഞ്ജുവാര്യർ പറഞ്ഞു. കോഴിക്കോട് താമരശ്ശേരിയിലായിരുന്നു മഞ്ജു വാര്യർ സംസാരിച്ചത്. ഒപ്പം നടൻ ടോവിനോ തോമസും ഉണ്ടായിരുന്നു. ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും നടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എമ്പുരാന്റെ ഷൂട്ടിങ് തകൃതിയായി നടക്കുന്നുണ്ട്. ഈ വരുന്ന പതിനാറാം തീയതി മുതൽ താനും ആ ചിത്രത്തിന്റെ ഭാഗമാകുമെന്നും മഞ്ജു വാര്യർ പറഞ്ഞു.
സൈജു ശ്രീധരൻ സംവിധാനം ചെയ്ത ഫൂട്ടേജ് ആണ് മഞ്ജു വാര്യരുടേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം. വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ -2, രജനികാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേൽ ഒരുക്കുന്ന വേട്ടയൻ, ആര്യ നായകനാവുന്ന മിസ്റ്റർ എക്സ്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്നിവയാണ് മഞ്ജുവാര്യരുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
ടൊവിനോ നായകനാവുന്ന ജിതിൻ ലാൽ ചിത്രം എ.ആർ.എം (അജയന്റെ രണ്ടാം മോഷണം) ഓണം റിലീസായി തിയേറ്ററുകളിലെത്തും.