തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ടവർക്കായി രാജ്യത്തെ പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തൃശൂർ എംപി സുരേഷ് ഗോപി എന്നിവർ സാമൂഹിക മാധ്യമങ്ങളിലൂടെ ദുഃഖം രേഖപ്പെടുത്തി.

മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സ്ഫോടന വാർത്ത ഹൃദയഭേദകമാണെന്നും ദുരന്തത്തിൽപ്പെട്ടവർക്കൊപ്പം നിൽക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രിയങ്കാ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.
അപകടത്തിൽ മരിച്ചവർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദരാഞ്ജലികൾ നേർന്നു. “തൃശൂര്‍ പൂരത്തിൻ്റെ ഒരുക്കങ്ങള്‍ക്കിടെ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനം ഞെട്ടിക്കുന്നതും കേരളത്തെയാകെ സങ്കടത്തിലാക്കുന്നതും ആണ്. സാധാരണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“സ്ഫോടന വാർത്ത അതീവ ദുഃഖത്തോടെയും നടുക്കത്തോടെയുമാണ് അറിഞ്ഞത്. ഉപജീവനത്തിനായി പണിയെടുത്തു കൊണ്ടിരുന്ന സാധാരണക്കാരായ മനുഷ്യർക്ക് മേൽ ഇത്തരമൊരു ദുരന്തം വന്നുപതിച്ചു എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വിയോഗത്തിൽ എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങളുടെ തീരാനഷ്ടത്തിൽ പങ്കുചേരുന്നു,” തൃശൂർ എംപി സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
സംഭവസ്ഥലം സന്ദർശിച്ച ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണെന്ന് അറിയിച്ചു. സ്ഥലത്ത് ഉണ്ടായിരുന്നവരുടെ കൃത്യമായ എണ്ണം പരിശോധിച്ച ശേഷമേ അന്തിമ വിവരങ്ങൾ സ്ഥിരീകരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിലും പരിശോധന തുടരുന്നുണ്ടെന്നും എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു
