
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗികാതിക്രമ കേസിലെ അന്വേഷണം പൂർത്തിയായതായി എസ്ഐടി അറിയിച്ചു. കേസിൽ രഞ്ജിത്തിനെതിരെയായ തെളിവുകൾ ലഭിച്ചതായും, എന്നാൽ കൂടുതൽ വകുപ്പുകൾ ചുമത്തില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.
രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്നതിന് തെളിവുകളില്ലെന്ന് എസ്ഐടി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നടൻ ബോബി കുര്യനെയും സഹസംവിധായക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു.
അതേസമയം, അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി തെളിവുകളില്ലെങ്കിലും കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ കുറ്റപത്രം തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ജാമ്യ വ്യവസ്ഥകളിൽ ഇളവ് തേടി രഞ്ജിത്ത് കോടതിയെ സമീപിക്കാനാണ് നീക്കം. ജില്ലയ്ക്ക് പുറത്തുപോകാൻ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കോടതിയിൽ ഉന്നയിക്കുമെന്നാണ് സൂചന.
കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പരാതികൾ വ്യാജമാണെന്നും ആരോപണങ്ങൾ നിഷേധിക്കുന്നുവെന്നും രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
