കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാൻ കോളേജ് മാനേജ്മെന്റ് തീരുമാനംെടുത്തു. റാമിനെ പുറത്താക്കുമെന്ന് വിദ്യാർഥികൾക്ക് മാനേജ്മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. മറ്റു ആവശ്യങ്ങളിൽ ചർച്ച തുടരുകയാണ്.

കോളേജിലെ അധ്യാപകനും ഓറൽ പത്തോളജി വിഭാഗം മേധാവിയുമായിരുന്ന ഡോ. കെ. റാമിനെതിരെ നിതിൻ്റെ മരണത്തിന് മുൻപും നിരവധി പരാതികളുണ്ടായിരുന്നു. മരണത്തിന് പിന്നാലെ കൂടുതൽ വിദ്യാർഥികൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് സ്ഥിരമായി പുറത്താക്കാനുള്ള തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസം ചേർന്ന മാനേജ്മെന്റ് യോഗത്തിൽ തന്നെ ഈ തീരുമാനം ഉണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഡോ. റാം പ്രതിയാണ്. ആത്മഹത്യ പ്രേരണയും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമവും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആരോപണവിധേയരായ ഡോ. റാമിനെയും ഡോ. സംഗീത നമ്പ്യാരെയും മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ ഇരുവരും ഒളിവിലാണെന്ന് വിവരം.
ഇതിനിടെ ഡോ. റാമിനെതിരെ വിദ്യാർഥികൾ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. ജാതിപരമായ പരാമർശങ്ങളും ശരീരത്തെ പരിഹസിക്കുന്ന സമീപനവും ക്ലാസുകളിൽ പതിവായിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. രക്ഷിതാക്കളോടും അവഹേളനപരമായ രീതിയിൽ പെരുമാറിയിരുന്നുവെന്നും ഭയന്നതിനാലാണ് ഇതുവരെ പരാതി പറയാതിരുന്നതെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
