ഫുഡ് ഡെലിവറിയ്ക്ക് പുറമെ ഇനി സിനിമ ടിക്കറ്റുമെടുക്കാം; ഗോയിങ്-ഔട്ട്-ബിസിനസ് ആപ്പായ ഡിസ്ട്രിക്റ്റ് പുറത്തിറക്കി സൊമാറ്റോ

 ഫുഡ് ഡെലിവറിയ്ക്ക് പുറമെ ഇനി സിനിമ ടിക്കറ്റുമെടുക്കാം; ഗോയിങ്-ഔട്ട്-ബിസിനസ് ആപ്പായ ഡിസ്ട്രിക്റ്റ് പുറത്തിറക്കി സൊമാറ്റോ

ഗുഡ്‍ഗാവ്: തിരക്കൊഴിഞ്ഞ് നേരമില്ല എന്ന് പറയുന്നവരാണ് പലരും. ആ തിരക്കിനിടെ ഭക്ഷണവും പലരും ഓർഡർ ചെയ്യുന്നത് ഓൺലൈൻ ആപ്പ് വഴി ആണ്. അതിനായി നമ്മൾ ആശ്രയിക്കുന്ന ആപ്പുകളിൽ ഒന്നാണ് സൊമാറ്റോ. ഇപ്പോഴിതാ സൊമാറ്റോ തങ്ങളുടെ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഗോയിങ്-ഔട്ട്-ബിസിനസ് ആപ്പായ ഡിസ്ട്രിക്റ്റ് (District) ആണ് പുറത്തിറക്കിയത്. പുറത്തുപോയി ഭക്ഷണം കഴിക്കാനും ടിക്കറ്റെടുത്ത് സിനിമകളും മറ്റ് തൽസമയ പരിപാടികളും ആസ്വദിക്കാനും ആഗ്രഹിക്കുന്നവരെ ഉന്നമിട്ട് ആണ് സൊമാറ്റോയുടെ പരീക്ഷണം. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് പുറമെ ഗോയിംഗ്-ഔട്ട് സേവനങ്ങള്‍ക്കായുള്ള ഏറെ സൗകര്യങ്ങളാണ് സൊമാറ്റോ ഡിസ്ട്രിക്റ്റ് ആപ്ലിക്കേഷനിലുള്ളത്.

ഫുഡ് ഡെലിവറിക്കും ക്വിക്ക് കൊമേഴ്‌സ് ബിസിനസിനും അപ്പുറത്തേക്ക് ഓണ്‍ലൈന്‍ വ്യാപാരം വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുകയാണ് സൊമാറ്റോ. ഡൈനിംഗിന് പുറമെ സിനിമ, സ്പോര്‍ട്‌സ്, ലൈവ് പെര്‍ഫോര്‍മന്‍സ് തുടങ്ങിയവയുടെ ടിക്കറ്റ് ബുക്കിംഗ്, ഷോപ്പിംഗ്, സ്റ്റേക്കേഷന്‍ തുടങ്ങിയവയ്ക്കായി ഒരൊറ്റ പ്ലാറ്റ്ഫോം എന്ന ആശയമാണ് ഡിസ്ട്രിക്റ്റ് മുന്നോട്ടുവെക്കുന്നത്. ഗോയിംഗ്-ഔട്ട് സേവനങ്ങള്‍ക്കായുള്ള പുതിയ ആപ്പ് വിപണിയിലെ ഗെയിം ചേഞ്ചറാവും എന്നാണ് സെമാറ്റോയുടെ പ്രതീക്ഷ. സൊമാറ്റോയിൽ നിന്നുള്ള മൂന്നാമത്തെ വലിയ ബി2സി ബിസിനസായി (ഡയറക്ട്-ടു-കൺസ്യൂമർ അല്ലെങ്കിൽ ബിസിനസ്-ടു-കൺസ്യൂമർ) ആപ്ലിക്കേഷനെ മാറ്റാനാണ് കമ്പനിയുടെ ശ്രമം.

ബുക്ക്‌മൈഷോ, പേടിഎം തുടങ്ങിയവുമായാണ് സൊമാറ്റോയുടെ ഡിസ്‌ട്രിക്റ്റിന് മത്സരിക്കേണ്ടിവരിക. സിനിമ ടിക്കറ്റ് ബുക്കിംഗ് നിലവില്‍ 60 ശതമാനവും നടക്കുന്നത് ബുക്ക്‌മൈഷോ വഴിയാണ്. ഓണ്‍ലൈന്‍ ഭക്ഷണ ബുക്കിംഗ് വിതരണ രംഗത്ത് സ്വിഗ്ഗിയാണ് നിലവില്‍ സൊമാറ്റോയുടെ വലിയ എതിരാളികള്‍. നിലവില്‍ വിവിധ രാജ്യങ്ങളില്‍ സൊമാറ്റോയുടെ സേവനം ലഭ്യമാണ്. ഭക്ഷണ-പലവ്യഞ്ജനം ബുക്കിംഗ്, വിതരണ രംഗത്ത് നിലവില്‍ മികച്ച ലാഭമാണ് സൊമാറ്റോ കാഴ്‌ചവെക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *