ടി20 ലോകകപ്പ് വിജയാഘോഷത്തിന്റെ ചൂട് പോകും മുൻപേ പരാജയം; ഇന്ത്യ തകര്‍ന്നടിഞ്ഞത് സിംബാബ്‌വെയോട്

 ടി20 ലോകകപ്പ് വിജയാഘോഷത്തിന്റെ ചൂട് പോകും മുൻപേ പരാജയം; ഇന്ത്യ തകര്‍ന്നടിഞ്ഞത് സിംബാബ്‌വെയോട്

ഹരാരെ (സിംബാബ്‌വെ): ടി20 ലോകകപ്പ് വിജയാഘോഷത്തിന്റെ ചൂട് പോകും മുൻപേ പരാജയം ഏറ്റുവാങ്ങി ടീം ഇന്ത്യ. 20 ലോകകപ്പ് യോഗ്യത നേടാത്ത സിംബാബ്‌വെയോടാണ് ടീം തോറ്റത്‌. സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടായി. ലോകകപ്പ് കഴിഞ്ഞെത്തിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചിരുന്നതിനാല്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവസംഘത്തെയാണ് ഇന്ത്യ അയച്ചിരുന്നത്. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും 29 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും‍ ഒഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ പൊരുതിയില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ, നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായി. 13 റണ്‍സിനാണ് സിംബാബ്‌വെയുടെ ജയം. മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ടെന്‍ഡായ് ചതാരയുമാണ് ഇന്ത്യയെ തകര്‍ത്തത്. അരങ്ങേറ്റക്കാരായ അഭിഷേക് ശര്‍മയും (0) റിയാന്‍ പരാഗും (2), ധ്രുവ് ജുറേലും (14 പന്തില്‍ 7) പരാജയമായത് ഇന്ത്യക്ക് തിരിച്ചടിയായി. അതേസമയം രവി ബിഷ്‌ണോയ് ഇന്ത്യക്കായി നാല് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 29 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. വാഷിങ്ടണ്‍ സുന്ദര്‍ (34 പന്തില്‍ 27), ആവേശ് ഖാന്‍ (16) എന്നിവരും രണ്ടക്കം കടന്നു. ഋതുരാജ് ഗെയ്ക്‌വാദ് (7), റിങ്കു സിങ് (0), രവി ബിഷ്‌ണോയ് (9) എന്നിവരെല്ലാം നിറംമങ്ങി.

ആദ്യ അഞ്ചോവറിനിടെത്തന്നെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യ പവര്‍പ്ലേയില്‍ നേടിയത് 28 റണ്‍സ് മാത്രം. എട്ടാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറും ആവേശ് ഖാനും ചേര്‍ന്നു നടത്തിയ 23 റണ്‍സാണ് ഇന്ത്യന്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. അഞ്ചാം വിക്കറ്റില്‍ ജുറേലും ഗില്ലും ചേര്‍ന്ന് നടത്തിയ 21 റണ്‍സാണ് തൊട്ടുപിന്നിലുള്ളത്. വാലറ്റക്കാരുടെ സംഭാവനകളില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇതിനേക്കാള്‍ താഴെപ്പോവുമായിരുന്നു. സിംബാബ്‌വെയ്ക്കായി ബ്രയാന്‍ ബെന്നറ്റ്, ബ്ലെസ്സിങ് മുസറബനി, ലൂക്ക് ജോങ്‌വെ, വെല്ലിങ്ടണ്‍ മസാക്കദ്‌സ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തേ രവി ബിഷ്‌ണോയ്‌യുടെ കരുത്തില്‍ സിംബാബ്വെയെ ഇന്ത്യ 115 റണ്‍സിലൊതുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. പത്താംവിക്കറ്റില്‍ ക്ലൈവ് മദാന്ദെയും ടെന്‍ഡായ് ചതാരയും ചേര്‍ന്ന് നടത്തിയ അപരാജിത കൂട്ടുകെട്ടാണ് സിംബാബ്വെയെ നൂറ് കടത്തിയത്. ചതാര ഒരറ്റത്ത് റണ്ണൊന്നുമെടുക്കാതെ നിലയുറപ്പിച്ചപ്പോള്‍ മദാന്ദെ മറുവശത്ത് സ്‌കോര്‍ ഉയര്‍ത്തി. 25 പന്തില്‍ 29 റണ്‍സ് നേടിയ മദാന്ദെ സിംബാബ്വെ നിരയിലെ ടോപ് സ്‌കോററായി.

നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബിഷ്ണോയ് നാലുപേരെ മടക്കിയത്. ഓപ്പണര്‍ വെസ്്ലി മധ്വരെ (22 പന്തില്‍ 21), ബ്രയാന്‍ ബെന്നറ്റ് (15 പന്തില്‍ 23), ലൂക്ക് ജോങ്വെ (1), ബ്ലെസ്സിങ് മുസറബനി (0) എന്നിവരാണ് ബിഷ്ണോയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയതും ബിഷ്ണോയ്യായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റുകളും നേടി.

തകര്‍ച്ചയോടെയായിരുന്നു സിംബാബ്വെയുടെ തുടക്കം. രണ്ടാം ഓവറില്‍ ഓപ്പണര്‍ ഇന്നസെന്റ് കൈയയെ (0) മടക്കി മുകേഷ് കുമാര്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ തകര്‍പ്പനടി നടത്തിയ ബെന്നറ്റിനെ ബിഷ്ണോയ്യും മടക്കി. ബെന്നറ്റ്, ഡിയോണ്‍ മിയേഴ്സ് (23 റണ്‍സ് വീതം), ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ (17) എന്നിവര്‍ രണ്ടക്കം കടന്നു.

ഇന്ത്യക്കായി ധ്രുവ് ജുറേല്‍, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് എന്നിവര്‍ ടി20 അരങ്ങേറ്റം നടത്തി. അഭിഷേകും പരാഗും ഇന്ത്യന്‍ ജഴ്സിയില്‍ ഇതാദ്യമായാണ് മത്സരിക്കുന്നത്. രണ്ടോവര്‍ എറിഞ്ഞ അഭിഷേക് 17 റണ്‍സ് വിട്ടുനല്‍കി. ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *