യൂട്യൂബിലെ സൗജന്യ ഉപഭോക്താക്കൾ ഇനി കുറച്ച് വിയർക്കും; വരുമാനം വർധിപ്പിക്കാൻ പുതിയ നീക്കവുമായി കമ്പനി
ഉപഭോക്താക്കളിൽ നിന്ന് പരമാവധി വരുമാനം കണ്ടെത്താനുള്ള നീക്കങ്ങളുമായി യൂട്യൂബ്. യൂട്യൂബ് പ്രീമിയം വരിക്കാർ അല്ലാത്തവരെയാണ് ഇത് ബാധിക്കുക. സൗജന്യ ഉപഭോക്താക്കൾ യൂട്യൂബിൽ വീഡിയോ കാണുന്നതിനിടയിൽ എപ്പോഴെങ്കിലും വീഡിയോ പോസ്റ്റ് ചെയ്യുകയാണെങ്കിൽ അപ്പോൾ പരസ്യങ്ങൾ പ്രദർശിപ്പിക്കും. ‘പോസ് ആഡ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഒന്നുകില്‍ വീഡിയോ കാണുന്നതിനിടയില്‍ പരസ്യങ്ങള്‍ കാണാന്‍ തയ്യാറാവുക അല്ലെങ്കില്‍ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യുക എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും. യൂട്യൂബിന്റെ കമ്മ്യൂണിക്കേഷന്‍ മാനേജറായ ഒലുവ ഫലോഡുന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യൂട്യൂബിന് പരസ്യം നല്‍കുന്ന സ്ഥാപനങ്ങള്‍ ഈ ഫോര്‍മാറ്റില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് വിവരം. 2023 ല്‍ ഇത് ചുരുക്കം ചിലര്‍ക്കിടയില്‍ പരീക്ഷിച്ചിരുന്നു. ഈ പരസ്യ വിതരണ രീതി വിജയമാണെന്ന് കണ്ടതിനാലാണ് യൂട്യൂബില്‍ ഉടനീളം ഇത്തരം പരസ്യങ്ങള്‍ കാണിക്കാന്‍ തീരുമാനിച്ചത്.
സ്മാര്‍ട് ടിവികളിലും ഫോണിലുമെല്ലാം ആളുകള്‍ വീഡിയോ പോസ് ചെയ്ത് നിര്‍ത്തുമ്പോഴാണ് ഇത്തരം വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുക. സാധാരണ വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കമ്പോള്‍ തന്നെ നിശ്ചിത ഇടവേളകളിലാണ് യൂട്യൂബില്‍ പരസ്യങ്ങള്‍ കാണിക്കാറ്.
മുമ്പും വിവിധ ഫോര്‍മാറ്റുകളിലുള്ള പരസ്യങ്ങള്‍ യൂട്യൂബ് പരീക്ഷിച്ചിട്ടുണ്ട്. സ്‌കിപ്പ് ചെയ്യാന്‍ സാധിക്കാത്ത ദൈര്‍ഘ്യമേറിയ പരസ്യങ്ങള്‍, ബ്രാന്‍ഡ് ക്യുആര്‍ കോഡുകള്‍, ലൈവ് വീഡിയോകള്‍ക്കായുള്ള പിക്ചര്‍ ഇന്‍ പിക്ചര്‍ ആഡ് എന്നിവയെല്ലാം അതില്‍ ചിലതാണ്.
പരസ്യങ്ങള്‍ ഇല്ലാതെ യൂട്യൂബ് ആസ്വദിക്കണമെങ്കില്‍ യൂട്യൂബ് പ്രീമിയം വരിക്കാരാവുക തന്നെ വേണം. 149 രൂപയുടെ വ്യക്തിഗത പ്ലാന്‍, 299 രൂപയുടെ ഫാമിലി പ്ലാന്‍, 89 രൂപയുടെ സ്റ്റുഡന്റ് പ്ലാന്‍ എന്നീ പ്രതിമാസപ്ലാനുകളും 1490 രൂപയുടെ വാര്‍ഷിക പ്ലാനും നാല് മാസത്തേക്കുള്ള 459 രൂപയുടെ പ്ലാനും 159 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമാണ് യൂട്യൂബിനുള്ളത്.