ഒരു വയസുള്ള കുഞ്ഞിനെ വിമാനത്തിനുള്ളിലെ ബാത്ത്റൂമിൽ പൂട്ടിയിട്ടു; അച്ചടക്കം പഠിപ്പിക്കാനെന്നു യുവതികൾ
വിമാനത്തിനുള്ളിലെ ശുചിമുറിയിൽ ഒരു വയസുള്ള കുഞ്ഞിനെ സഹയാത്രികരായ യുവതികൾ പൂട്ടിയിട്ടു. മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം യാത്ര ചെയ്യുകയായിരുന്ന ഒരു വയസ്സുകാരിയായ കുഞ്ഞിനോടാണ് അപരിചിതരായ രണ്ട് സഹയാത്രികർ ചേർന്ന് ഈ ക്രൂരത കാട്ടിയത്. ഓഗസ്റ്റ് 24 -ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് കാര്യങ്ങൾ പുറംലോകം അറിഞ്ഞത്. യുവതികളിൽ ഒരാൾ തന്നെയാണ് വീഡിയോ പകർത്തിയത്.
തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഗുയിഷൗവിൽ നിന്ന് ഷാങ്ഹായിലേക്കുള്ള ജുന്യാവോ എയർ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു വൃദ്ധ ദമ്പതികളും അവരുടെ പേരക്കുട്ടിയും. കുഞ്ഞ് യാത്രയ്ക്കിടെ നിരന്തരം കരഞ്ഞതാണ് സഹയാത്രികരായിരുന്ന യുവതികളെ പ്രകോപിപ്പിച്ചത്. കുഞ്ഞ് തുടർച്ചയായി കരഞ്ഞതോടെ കരച്ചിൽ നിർത്താൻ യാത്രക്കാരിൽ പലരും ശ്രമിച്ചിരുന്നു. പക്ഷേ കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല. ഇതോടെ മറ്റു വഴികൾ ഇല്ലാത്തതിനാൽ ചിലർ ചെവിയിൽ ടിഷ്യുതിരികി ആശ്വാസം കണ്ടെതുകയും ചെയ്തു.
ആ സമയത്ത് കുഞ്ഞിന് സമീപത്തെ സീറ്റിൽ ഇരുന്ന രണ്ട് യുവതികൾ കുട്ടിയെ എടുത്ത് കൊണ്ടു പോയി ശുചിമുറിയിൽ വെച്ച് ശാസിക്കുകയും കുഞ്ഞിനെ തനിച്ച് അതിനുള്ളിൽ ഇട്ട് പൂട്ടുകയും ചെയ്തത്. ഇനിയും കരഞ്ഞാൽ മുത്തശ്ശിക്കരികിലേക്ക് തിരികെ കൊണ്ടുവരില്ലെന്ന് പറഞ്ഞായിരുന്നു ഇവർ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയത്. അവരുടെ ശാസനയിൽ കുഞ്ഞു വല്ലാതെ പേടിച്ചു കുറച്ചു ശേഷം ഇവർ തന്നെ കുഞ്ഞിനെ തിരികെ സീറ്റിലെത്തിച്ചു. തങ്ങളുടെ ശാസന കാരണം പിന്നീട് രണ്ടുമണിക്കൂർ നീണ്ട വിമാന യാത്രയിൽ ഒരിക്കൽ പോലും കുഞ്ഞ് കരഞ്ഞില്ലെന്നും വളരെ അഭിമാനത്തോടെയാണ് ഇവർ പറയുന്നത്. കുട്ടികളെ ചെറുപ്പത്തിൽ തന്നെ അച്ചടക്കം പഠിപ്പിക്കണമെന്നും അല്ലെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും യുവതികൾ വീഡിയോയിൽ പറഞ്ഞതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം സംഭവം വലിയ വിവാദമായെന്ന് മനസിലായപ്പോൾ കുട്ടിയുടെ മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും സമ്മതത്തോടെയാണ് സഹയാത്രികരായിരുന്ന യുവതികൾ കുഞ്ഞിനെ ശാസിച്ചതെന്ന് ജുന്യാവോ എയർ പ്രതികരിച്ചു. ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ യുവതികൾക്കെതിരെ ഇപ്പോഴും വലിയ വിമർശനം ഉയരുന്നുണ്ട്.