ഓടുന്ന കാറിന് മുകളിൽ കയറിനിന്ന് അഭ്യാസം; സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ ശ്രമിച്ച യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നെറ്റിസൺസ്
ഓടുന്ന കാറിന് മുകളിൽ കയറിനിൽക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. രാജസ്ഥാൻ രജിസ്‌ട്രേഷനിലുള്ള കാറിലാണ് അഭ്യാസമെങ്കിലും എവിടെവച്ചാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി അപകടകരമായ രീതിയിൽ റോഡിൽ നടത്തുന്ന അഭ്യാസങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
22 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്ന് ഡോർ തുറക്കുകയും ഡോർ പാഡിൽ ചവിട്ടി വാഹനത്തിന് മുകളിലേക്ക് കയറുകയും ചെയ്യുന്നതാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. അയാൾ വാഹനത്തിന് മുകളിൽ കയറി നിൽക്കുമ്പോഴും വാഹനം ഓടിക്കൊണ്ടിരിക്കുകയാണെന്നതും വീഡിയോയിൽ കാണാം.
ഈ സമയമത്രയും കാറിന്റെ ഡോർ തുറന്ന നിലയിലാണെന്നതും ശ്രദ്ധേയമാണ്. വാഹനത്തിന്റെ സ്റ്റിയറിങ്ങ് ഉള്ളിൽ നിന്ന് വേറെ ആരെങ്കിലും നിയന്ത്രിക്കുന്നുണ്ടോയെന്നത് വ്യക്തമല്ല. സംഭവം നടക്കുന്നത് ദേശിയപാതയിലാണെന്നതും രാത്രിയിലാണ് ആ സാഹസം നടക്കുന്നതെന്നുമാണ് വീഡിയോ ദൃശ്യങ്ങൾ തെളിയിക്കുന്നത്. പിന്നിൽ വരുന്ന മറ്റൊരു വാഹനത്തിൽ നിന്നാണ് ഈ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ മുകളിൽ നിൽക്കുന്നതും ഇരിക്കുന്നതും അങ്ങേയറ്റം അപകടമാണ്. വാഹനത്തിന്റെ റൂഫിൽ ഗ്രിപ്പ് ഇല്ലാത്തതിനാൽ തന്നെ തെന്നി വീഴുന്നതിനും മറ്റുമുള്ള സാധ്യതകൾ ഏറെയാണ്. ഇതിനുപുറമെ, അയാളുടെ ബാലൻസ് നഷ്പ്പെട്ടാൽ പിടിച്ചുനിൽക്കാനും മറ്റും വേറെ സംവിധാനങ്ങൾ ഇല്ലെന്നതും ശ്രദ്ധേയമാണ്. ഈ വീഡിയോ അനുസരിച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
സ്വയം അപകടം ക്ഷണിച്ചുവരുത്തുന്നതിനൊപ്പം അതുവഴി യാത്ര ചെയ്യുന്ന മറ്റ് വാഹനങ്ങൾക്കും അപകടമുണ്ടാകുന്ന തരത്തിലുള്ള പ്രവർത്തിയാണ് ഈ യുവാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അയാൾ മുകളിൽ നിൽക്കുമ്പോഴും വാഹനം ഓടിക്കൊണ്ടിരിക്കുകയാണെന്നതാണ് അപകടം. ഒരു മില്ല്യൺ ആളുകൾ ഇതിനോടകം കണ്ട ഈ വീഡിയോയിൽ കൂടുതൽ ആളുകളും ഇയാളുടെ ലൈസൻസ് റദ്ദാക്കി കടുത്ത നടപടി സ്വീകരിക്കണമെന്ന് രാജസ്ഥാൻ പോലീസിനോട് ആവശ്യപ്പെട്ടാണ് കമന്റ് ചെയ്തിരിക്കുന്നത്.