കിഡ്നി സ്റ്റോണിന് ചികിത്സ തേടിയ യുവതിക്ക് കുത്തിവെപ്പ് എടുത്തതോടെ അബോധാവസ്ഥയിലായി; നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കിഡ്നി സ്റ്റോണിന് ചികിത്സ തേടിയ നെയ്യാറ്റിൻകര സ്വദേശിനി കൃഷ്ണ തങ്കപ്പനാണ് അബോധാവസ്ഥയിലായത്. കൃഷ്ണ തങ്കപ്പൻറെ ഭർത്താവിൻറെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ പൊലീസ് കേസെടുത്തു.
യുവതി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായാണ് എത്തിയത്. യുവതിക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവെപ്പാണ് പ്രശ്നമായത് എന്നാണ് പ്രാഥമിക വിവരം. ഭാരതീയ ന്യായ് സംഹിത 125 പ്രകാരമാണ് സർജൻ വിനുവിനെതിരെ കേസെടുത്തത്.