ഓൺലൈൻ ചാനലിലൂടെ യുവതിയേയും ആറുവയസുള്ള കുട്ടിയേയും അപകീർത്തിപ്പെടുത്തി; പ്രതി അറസ്റ്റിൽ
മലപ്പുറം ∙ ഓൺലൈൻ ചാനലിലൂടെ യുവതിയേയും ആറുവയസുള്ള കുട്ടിയേയും അപമാനിച്ച കേസിൽ ചാനൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. മലപ്പുറം അമരമ്പലം സൗത്ത് മാമ്പൊയിൽ ഭാഗത്ത് വേണാനിക്കോട് വീട്ടിൽ ബൈജുവനെയാണ് (45) എറണാകുളം ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മറ്റൊരു ഓൺലൈൻ ചാനലിൽ ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് നടപടി. പെൺകുട്ടിയെയും അവരുടെ മാതാവിനെയും കുറിച്ച് ലൈംഗികച്ചുവയോടെയുള്ള വിഡിയോ നിർമിച്ച് പ്രചരിപ്പിച്ചുവെന്നാണ് പരാതി. യുവതിയുടെ 6 വയസുള്ള കുഞ്ഞിനെക്കുറിച്ചും പ്രതി വീഡിയോയിൽ മോശമായി സംസാരിച്ചിരുന്നു.
ഓൺലൈൻ ചാനലുകൾ വഴി പ്രതി പ്രചരിപ്പിച്ച വിഡിയോകൾ സഹിതമാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്. സമൂഹമാധ്യമത്തിൽ യുവതി പങ്കുവച്ച കുഞ്ഞിന്റെ ചിത്രത്തിന് താഴെ ഇയാൾ മോശം കമന്റ് ചെയ്യുകയും ചെയ്തു. പ്രതി അപ്‌ലോഡ് ചെയ്ത വിഡിയോകളുടെ വിവരങ്ങൾ ശേഖരിച്ച് കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. വിഡിയോ റെക്കോർഡ് ചെയ്യാനും ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യാനും ഉപയോഗിച്ച ഉപകരണങ്ങൾ പ്രതിയുടെ പക്കൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
കുറ്റകൃത്യത്തിനുവേണ്ടി പ്രതി ഉപയോഗിച്ചിരുന്ന വിവിധ സിം കാർഡുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം വണ്ടൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് സംഘം അവിടെ പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ റഫീഖ് എൻ.ഐ, സിവിൽ പൊലീസ് ഓഫിർമാരായ അജിലേഷ്, റിനു, ജിത്തു, പ്രവീൺകുമാർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.