കെഎസ്ആർടിസി ബസിനു നേർക്ക് കാട്ടാന പാഞ്ഞടുത്തു; ഈ ആനവണ്ടി ആനയുടെ മുന്നിൽപ്പെടുന്നത് ആദ്യമല്ല
പത്തനംതിട്ട: കെഎസ്ആർടിസി ബസിനു നേർക്ക് കാട്ടാന പാഞ്ഞടുത്തു. ഗവി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് ഇന്നലെ വൈകിട്ട് 3.45 ന് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഡ്രൈവർ മനസാന്നിധ്യം കൈവിടാകെ ബസ് പിന്നോട്ടെടുക്കുകയായിരുന്നു.
പത്തനംതിട്ട ഡിപ്പോയിൽ നിന്നും രാവിലെ 6.25 ന് പുറപ്പെടുന്ന ഗവി വഴി കുമളിക്കു പോയ ബസ് തിരികെ വരുന്നതിനിടെ ഐസി ടണൽ ചെക്ക് പോസ്റ്റിനു സമീപത്തുവച്ചാണ് സംഭവം. ഡ്രൈവർ ബസ് അതിവേഗം പിന്നിലേക്കു ഓടിച്ച് മാറിയെങ്കിലും പാഞ്ഞെത്തിയ കാട്ടാന മുൻവശത്തെ ഗ്ലാസിനോടു തൊട്ടുരുമി നിന്ന ശേഷം തിരികെ കാട്ടിലേക്ക് കയറി.
ബസിൽ 12 യാത്രക്കാർ ഉണ്ടായിരുന്നു. മൂന്ന് തവണ ബസ് മുന്നോട്ടും പിന്നോട്ടും എടുത്തു. ആന കാട്ടിലേക്ക് കയറിയതോടെയാണ് ബസിനു യാത്ര തുടരാനായത്. മുൻപും ഈ ബസ് ആനയുടെ മുന്നിൽപ്പെട്ടിട്ടുണ്ട്.