പൊള്ളയായ എക്സിറ്റ് പോൾ പ്രവചനങ്ങൾ; യുപിയിൽ മോദിയ്ക്ക് കാലിടറാൻ നാലുണ്ട് കാര്യം..
ന്യൂഡൽഹി: എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയ സ്ഥിതിയാണ് ഉത്തർ പ്രദേശിൽ (യുപി) ബിജെപിക്ക് ഉണ്ടായത്. രാമക്ഷേത്രം ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളും വാരാണസിയിൽ മത്സരിച്ചതിലൂടെ പാർട്ടി ലക്ഷ്യമിട്ട മോഡി ഇഫക്ടും ഏശിയില്ല. ജനങ്ങള്‍ തള്ളിയിരിക്കുന്നു. കാരണം ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ ജനപ്രതിനിധകളെ സംഭാവന ചെയ്യുന്ന (മൊത്തം 80 ലോക്സഭാ സീറ്റ്) ഉത്തർ പ്രദേശിൽ 70ലധികം സീറ്റുകളിൽ വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ സർവേകളിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ 40-ലധികം സീറ്റുകളിൽ ലീഡ് നേടി ഇന്ത്യാ മുന്നണി ബിജെപിക്ക് മേൽ മേധാവിത്തം നേടുന്ന കാഴ്ചയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്ന വേളയിൽ കാണാനാകുന്നത്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ കോൺഗ്രസിന്റെ അജയ് റായിക്കെതിരെ ആറായിരത്തിലേറെ വോട്ടിനു പിന്നിലായത് ബിജെപിയെ ഞെട്ടിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 34 സീറ്റുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 62 സീറ്റുകൾ നേടിയ സ്ഥാനത്താണിത്. ഇവിടെ സമാജ്‌വാദി പാർട്ടി 34 സീറ്റിലും കോൺഗ്രസ് ഒൻപതു സീറ്റിലും മുന്നിലാണ്. രാഷ്ട്രീയ ലോക് ദൾ രണ്ടിടത്തും ആസാദ് സമാജ് പാർട്ടി ഒരിടത്തും ലീഡ് ചെയ്യുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ ബിഎസ്‌പിക്ക് പത്തും സമാജ്‌വാദി പാർട്ടിക്ക് അഞ്ചും അപ്‌നാ ദളിന് ഒരു സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസ് അന്ന് ഒറ്റ സീറ്റിൽ ഒതുങ്ങി.
ഈയൊരു സാഹചര്യത്തിൽ യോഗിയുടെ യുപിയിൽ ബിജെപിക്ക് തിരിച്ചടി നേരിടുന്നതിനുള്ള മുഖ്യ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
സ്ത്രീകളെ ആകർഷിച്ച മഹാലക്ഷ്മി സ്കീം
അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിനു പിന്നാലെ നടന്ന പൊതു തെരഞ്ഞെടുപ്പിലാണ്, ബിജെപി ഉത്തർ പ്രദേശിൽ വിയർക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം സ്ത്രീ വോട്ടർമാരെയും കർഷകരെയും ആകർഷിക്കാൻ കഴിയുന്ന വിധത്തിലുള്ള ഇന്ത്യാ സഖ്യത്തിന്റെയും കോൺഗ്രസിന്റെയും വമ്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് (മഹാലക്ഷ്മി സ്കീം). പ്രതിമാസം 8,500 രൂപ വീതം (പ്രതിവർഷം 1 ലക്ഷം രൂപ) പാവപ്പെട്ട സ്ത്രീകൾക്ക് നൽകുമെന്നും സർക്കാർ ജോലികളിൽ 50 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ ‘ഖതാ-ഖത്’ വാഗ്ദാനം ശ്രദ്ധേയമായിരുന്നു. ഉത്തർപ്രദേശിലെ 17 മണ്ഡലങ്ങളിൽ പുരുഷന്മാരേക്കാൾ കൂടുതൽ വോട്ട് ചെയ്തത് സ്ത്രീകളായിരുന്നു.
കർഷകരുടെ മനംമാറ്റം
രാജ്യത്തെ കർഷകരുടെ കടം എഴുതിത്തള്ളുമെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. വടക്കേന്ത്യയിലെ പൊതുവായുള്ള കർഷക പ്രക്ഷോഭവും ഇതിനോട് കൂട്ടിവായിക്കാം. നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുവെച്ച കാൽ പിന്നിലേക്ക് വലിക്കേണ്ടി വന്നിട്ടുള്ളതും കാർഷിക നിയമവുമായി ബന്ധപ്പെട്ടായിരുന്നു എന്നും വിസ്മരിക്കാനാവില്ല. ചുരുക്കത്തിൽ വൈകാരിക വിഷയങ്ങളേക്കാൾ സമൂഹത്തിലെ അടിസ്ഥാന പ്രശ്നങ്ങൾക്കാണ് ജനം ഇത്തവണ പരിഗണന നൽകിയതെന്നും ഇതിന്റെ ഭാഗമായി ഇന്ത്യ സഖ്യത്തിന്റെ വാഗ്ദാനങ്ങളിലേക്ക് ഉത്തർപ്രദേശിലെ ജനം ചാഞ്ഞുവെന്നും പ്രാഥമികമായി വിലയിരുത്തേണ്ടി വരും.
ഇന്ത്യ സഖ്യത്തിന്റെ കെട്ടുറപ്പ്
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യ മുന്നണി ശക്തമായ കെട്ടുറപ്പോടെ പ്രവർത്തിച്ച സംസ്ഥാനമാണ് ഉത്തർ പ്രദേശ്. കഴിഞ്ഞ തവണ സംസ്ഥാനത്ത് സഖ്യത്തിലുണ്ടായിരുന്ന ബിഎസ്പി ഇത്തവണ കൂടെയില്ലായിരുന്നെങ്കിലും ഏറെക്കാലമായി ഒത്തിണക്കത്തോടെ പ്രവർത്തിക്കുന്ന സമാജ്‍വാദി പാർട്ടിയും കോൺഗ്രസും ഒത്തൊരുമയോടെ പ്രവർത്തിച്ചു. ഇതിനോടൊപ്പം സ്ത്രീകളേയും കർഷകരേയും ആകർഷിച്ച ഇന്ത്യാ സഖ്യത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിച്ച സമാജ്‍വാദി പാർട്ടിക്ക് സ്വാഭാവികമായും ഉയർന്ന സീറ്റ് വിഹിതം ലഭിച്ചു.
പോളിങ് ശതമാനം കുറഞ്ഞത്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നിലനിന്നിരുന്ന പ്രതീതി അനുസരിച്ച്, ബിജെപി വർധിത ഭൂരിപക്ഷത്തോടെ വിജയിച്ചു കയറി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലേറുമെന്നായിരുന്നു. ഇതോടെ വിജയിക്കുമെന്ന അമിത ആത്മവിശ്വാസത്തിൽ പാർട്ടിയുടെ അനുഭാവികളിൽ പടർന്ന നിസംഗതയും ഇവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതും 400 സീറ്റ് ഇത്തവണ നേടുമെന്ന പ്രചാരണവും തിരിച്ചടിയായെന്ന് വിലയിരുത്തേണ്ടിവരും. നിലവിൽ മുന്നിലുള്ള നേതാക്കളുടെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവും ഇതിനോട് ചേർത്ത് വായിക്കാം.