അശ്രദ്ധ, എടുത്തുചാട്ടം, ഹൈപ്പർ ആക്ടിവിറ്റി; ഫഹദിനെ ബാധിച്ച ‘എഡിഎച്ച്‌ഡി’ എന്ന രോഗത്തെ കുറിച്ച് അറിയാം..

 അശ്രദ്ധ, എടുത്തുചാട്ടം, ഹൈപ്പർ ആക്ടിവിറ്റി; ഫഹദിനെ ബാധിച്ച ‘എഡിഎച്ച്‌ഡി’ എന്ന രോഗത്തെ കുറിച്ച് അറിയാം..

ഇന്നലെ നടന്ന കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലാണ് തനിക്ക് എ.ഡി.എച്ച്.ഡി അഥവാ അറ്റെൻഷൻ ഡെഫിസിറ്റ്‌ ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം ഉണ്ടെന്ന് നടൻ ഫഹദ് ഫാസിൽ തുറന്ന് പറഞ്ഞത്. നാൽപ്പത്തിയൊന്നാം വയസ്സിലാണ് ആ രോഗാവസ്ഥ തനിക്ക് കണ്ടെത്തിയത് എന്നും ഫഹദ് വ്യക്തമാക്കുന്നു. കുട്ടിക്കാലത്തെ കണ്ടെത്താനായാൽ മികച്ച ചികിത്സയിലൂടെ എന്തായാലും എഡിഎച്ച്‍ഡി മാറ്റാനാകുമെന്നും ഫഹദ് പറഞ്ഞു. താരം പറഞ്ഞ രോഗത്തെ കുറിച്ച് അറിയാം..

എന്താണ് എഡിഎച്ച്‌ഡി?

ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാൻ കഴിയാതിരിക്കുക അല്ലെങ്കിൽ അശ്രദ്ധ (ഇൻഅറ്റൻഷൻ), എടുത്തുചാട്ടം അഥവാ ‘ഇംപൾസിവിറ്റി’, ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക അല്ലെങ്കിൽ ‘ഹൈപ്പർ ആക്ടിവിറ്റി’ എന്നിവ ചേർന്നുള്ള രോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി). സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഇതുകണ്ടുവരാറുണ്ട്. ചിലരിൽ മുതിർന്നാലും ഇത്‌ മാറിയെന്നു വരില്ല. കുട്ടികളിൽ പഠനത്തെയും മറ്റും എഡിഎച്ച്‌ഡി പ്രതികൂലമായി ബാധിച്ചേക്കാം.

എഡിഎച്ച്‌ഡിയുള്ള കുട്ടി കൗമാരത്തിലെത്തിയാൽ പെട്ടെന്ന് ദേഷ്യം വന്ന് സംസാരിക്കുകയും തങ്ങളുടെ തെറ്റുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും കാരണമില്ലാതെ പ്രകോപിതരാകുകയും ചെയ്യാം. Opposition Defant Disorder (ODD) എന്ന മാനസിക പ്രശ്നങ്ങളും കള്ളം പറയുക, മോഷണം, വീട്ടിൽ നിന്ന് ഒളിച്ചോടി പോവുക തുടങ്ങിയ തീവ്രമായ സ്വഭാവദൂഷ്യങ്ങളും (Conduct Disorder) കുട്ടികളിൽ കാണാറുണ്ട്.

എഡിഎച്ച്‌ഡി മുതിർന്നവരിൽ?

ഫോൺ ഫ്രിജിൽ വച്ച്‌ മറക്കുക, എന്തെങ്കിലും ചെയ്യാൻ ആരംഭിച്ച ശേഷം ഉദ്ദേശിച്ച കാര്യം മറന്ന് പോകുക എന്നിങ്ങനെ മുതിർന്നവരിൽ കണ്ടുവരുന്ന ഹ്രസ്വകാല ഓർമ്മ നഷ്ടപ്പെടുന്ന അവസ്ഥ എഡിഎച്ച്‌ഡി ലക്ഷണമാണ്‌. വിവരങ്ങൾ ശേഖരിച്ച്‌ വയ്‌ക്കാനുള്ള തലച്ചോറിന്റെ ശേഷിക്കുള്ള തകരാറാണ്‌ കാരണം. മറ്റൊന്ന് സമയത്തെ കുറിച്ച് ധാരണ ഇല്ലാത്തതാണ്. വൈകി വരുക, എന്തെങ്കിലും ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കുക, ചെറിയ ജോലികളാണെങ്കിൽപ്പോലും ചെയ്ത് തുടങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയും എഡിഎച്ച്‌ഡി ലക്ഷണങ്ങളാണ്‌. തലച്ചോറിന്റെ പ്രീഫ്രോണ്ടൽ കോർട്ടക്‌സ്‌ സജീവമല്ലാതിരിക്കുക ഇതിനെ ഉദ്ദീപിപ്പിക്കുന്ന ഡോപ്പമീൻ തകരാറുകൾ എന്നിവ കാരണമാണിത്.

അശ്രദ്ധപോലെത്തന്നെ ചില കാര്യങ്ങളിൽ അമിതമായ ഊന്നലും ശ്രദ്ധയും നൽകുന്നതും എഡിഎച്ച്‌ഡി ലക്ഷണമാണ്‌. ചില കാര്യങ്ങളിൽ ഏർപ്പെട്ടാൽ ആ പ്രവർത്തിയിൽ നിന്ന്‌ ശ്രദ്ധ തിരിക്കാൻ ബുദ്ധിമുട്ട് സമയബോധമില്ലാതെ അതിൽ തന്നെ മുഴുകിയിരിക്കുക എന്നിവയും ലക്ഷണങ്ങളിൽപെടുന്നു. ഡോപ്പമിൻ പോലുള്ള ന്യൂറോട്രാൻസ്‌മിറ്ററുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട തകരാറുകളാണ്‌ ഇതിന് പിന്നിൽ.

ചിന്തയിൽ മുഴുകി പരിസരം മറന്ന്പോകുക, സംസാരിച്ച്‌ കൊണ്ടിരിക്കുമ്പോൾ വിഷയത്തിൽ നിന്ന്‌ തെന്നി മാറി മറ്റെന്തൊക്കെയോ സംസാരിക്കുക എന്നിവയും എഡിഎച്ച്‌ഡി മൂലം സംഭവിക്കാം. തലച്ചോറിലെ ഡീഫോൾട്ട്‌ മോഡ്‌ നെറ്റ്‌വർക്കിന്റെ അമിത പ്രവർത്തനം മൂലമാണിത്. കൂടാതെ നിരാകരണങ്ങളെ കൈകാര്യം ചെയ്യാനും ഇവർക്ക് ബുദ്ധിമുട്ടായിരിക്കും. അമിത ചിന്ത, ഉത്‌കണ്‌ഠ, സമ്മർദ്ദം എന്നിവയും പിന്നാലെവരാം. ന്യൂറോട്രാൻസ്‌മിറ്ററുകളിലെ അസന്തുലനം വൈകാരിക പ്രതികരണങ്ങളിലേക്കും നയിക്കാം.

എഡിഎച്ച്‌ഡിയുടെ കാരണം?

എന്തുകൊണ്ട് എഡിഎച്ച്‌ഡി ഉണ്ടാകുന്നു എന്നത് ഇന്നും അ‍ജ്ഞാതമാണ്. എങ്കിലും ജനിതകപരമായ ഘടകങ്ങൾ, തലച്ചോറിനേൽക്കുന്ന പരുക്കുകൾ, കുട്ടികളിലെ മാസം തികയാതെയുള്ള ജനനം, ജനനസമയത്തെ കുറഞ്ഞ ഭാരം എന്നിവയും എഡിഎച്ച്ഡി സാധ്യത വർദ്ധിപ്പിക്കുന്നുവയാണ്. ഗർഭിണിയായിരിക്കേ ലഹരി ഉപയോഗിക്കുന്നതും കുട്ടികളിൽ എ‍‍ഡിഎച്ച്‍ഡിക്ക് കാരണമായേക്കാം.

രോഗനിർണയം, ചികിൽസ

ഒന്നിലധികം പരിശോധനകളിലൂടെയാണ് എഡിഎച്ച്ഡി സ്ഥിരീകരിക്കുന്നത്. തലച്ചോറിലെ ഡോപ്പമിൻ, നോർ അഡ്രിനാലിൻ എന്നീ രാസവസ്തുക്കളുടെ പ്രവർത്തനവൈകല്യം മൂലമുള്ള അസുഖമായതിനാൽ മരുന്നുകളും സ്വഭാവരൂപീകരണ ചികിൽസയും (ബിഹേവിയർ തെറാപ്പി) ആവശ്യമാണ്. എന്നിരുന്നാലും രോഗിയും കൂടെയുള്ളവരും ഇതൊരു ക്ലിനിക്കൽ പ്രശ്നം ആണെന്ന് മനസ്സിലാക്കുന്നതാണ് ആദ്യ പടി.

Leave a Reply

Your email address will not be published. Required fields are marked *